2009, ഓഗസ്റ്റ് 8, ശനിയാഴ്‌ച

പത്തറുപതു വയസ്സുള്ള ആതിഥേയന്‍

പത്നിയുടെ വളരെയകന്ന ബന്ധത്തിലൊരുത്തന്‍ ഒരു വേനല്‍ വാരാന്ത്യത്തില്‍ വിരുന്നിനു വിളിച്ചു. 'എന്തു ബന്ധം' എന്ന് ഓര്‍ത്തെടുക്കാന്‍ തലച്ചോറിന്റെ മുഴുവന്‍ ചുളിവും നിവര്‍ക്കേണ്ടി വരും.

പുതിയ പട്ടണത്തിലേയ്ക്ക് താമസം മാറിയിട്ട് അധികമാകാത്തതിനാല്‍ പോയേക്കാമെന്നു കരുതി. പുതിയൊരു ഫാമിലിയെ പരിചയമാകും. ഒരു പോളിസി ചെലവാക്കാനായാല്‍ അതുമായി. അച്ഛന്‍ വന്ന് കാറില്‍ ലിഫ്റ്റ് തരും. ഡ്രൈവിംഗും പെട്രോളും ലാഭം.

ചെന്നു. കണ്ടു. വീട്ടുകാരെ പരിചയപ്പെട്ടു. വിരുന്നാരംഭിക്കുന്നതിനു മുന്‍പ് മറ്റു രണ്ടു വീട്ടുകാര്‍ കൂടി എത്തിച്ചേര്‍ന്നു. ഒന്ന് വിരുന്നുവിളിച്ചവന്റെ മകളും മരുമകനും. മറ്റൊന്ന് മുന്‍-നാട്ടുകാരന്‍. എനിക്കു വയ്യ. ഇന്നു മൊത്തം മൂന്നു പോളിസി ചിലവാകുന്ന ലക്ഷണമാണ്.

ഉപചാരം ചൊല്ലി പാനോപചാരം തുടങ്ങി.

ആതിഥേയന്‍ : "കഴിയ്ക്കാറില്ലേ?"

"കഴിവതും ഇല്ല. നിര്‍ബന്ധിക്കരുത്"

"എന്നാല്‍.. ഒരു ബീയറൊഴിക്കട്ടെ?"

മുടിയാനായിട്ട് "ശരി ഒഴി"

തുടര്‍ന്ന് ആതിഥേയന്റെ മുന്‍-നാട്ടുകാരന്‍ ഒരു പാട്ടു പാടി. കുറേ നാളായി പാടല്‍ മുടങ്ങിക്കിടന്നയാളാണ്. വല്യ കേമമൊന്നുമില്ലെങ്കിലും ഒരു കലാകാരനെ നിരുത്സാഹപ്പെടുത്തരുതല്ലോ.

താളം പിടിച്ചു. തലയാട്ടി. പാട്ടു തീര്‍ന്നപ്പോള്‍ കൈയുമടിച്ചു.

പ്രോത്സാഹനം കൂടിപ്പോയെന്നു തോന്നുന്നു. ടിയാന്‍ ഒരു പാട്ടുകൂടി പാടി. വീണ്ടും താളം പിടിച്ചു. തലയാട്ടി. കൈയടിച്ചു.

അപ്പോഴാണ്, ആതിഥേയന്റെ മരുമകന് ഒരു പാട്ടുപാടാന്‍ മോഹം.

മരുമോന്‍ പാടി. പ്രോത്സാഹിപ്പിച്ചു. സഹനശേഷിക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു ബീയര്‍ ചോദിക്കാതെ തന്നെ എടുത്തൊഴിച്ചു മുന്നില്‍ വച്ചു.

ശേഷം, മുന്‍-നാട്ടുകാരനും മരുമകനും പത്തറുപതു വയസ്സുള്ള ആതിഥേയനും കൂടി ഒരു സമൂഹഗാനം.

ആതിഥേയനെ ഒതുക്കത്തില്‍ വിളിച്ചു സങ്കടമുണര്‍ത്തിച്ചു. 'പിറ്റേന്ന് രാവിലെ ഓവര്‍ടൈം ചെയ്യാനായി ഓഫീസിലെത്താനുള്ളതാണ്. തുറന്ന് അടിച്ചുവാരി വൃത്തിയാക്കി കസ്റ്റമേഴ്സ് എത്തിത്തുടങ്ങുന്നതിനു മുന്‍പ് ടൈ കെട്ടി കസേരയിലിരിക്കുകയും വേണം'.

"ദിപ്പ കഴിഞ്ഞു" എന്നു മറുപടി കിട്ടി.

ഗാനമേള തുടര്‍ന്നു.

സമയം പത്തുകഴിയുന്നു. പ്രതിഷേധസൂചകമായി ഒന്നു എണീറ്റ് വാഷ്-റൂമില്‍ പോയി സാവധാനം തിരികെ വന്നു. വരുന്ന വഴിക്കൊരു സോഫയില്‍ ഒരു പത്തുപന്ത്രണ്ടു വയസ്സുള്ള ചെക്കന്‍ കിടന്നുറങ്ങുന്നതു കണ്ടു.

എണീറ്റതിനു ഫലമുണ്ടായി. അത്താഴം വിളമ്പാന്‍ തീരുമാനമായി. അത്താഴത്തിനിടെ ആതിഥേയരുമായി വീണ്ടും നര്‍മ്മസല്ലാപം നടത്തി.

പിന്നീടാണ് അത്യാഹിതമുണ്ടായത്. ഭക്ഷണം കഴിഞ്ഞെണീറ്റവര്‍ ഓരോ ഗ്ലാസുകളുമായി വീണ്ടും പാട്ടുപാടാനിരുന്നു.

പിന്നെ മര്യാദയും മാന്യതയും നോക്കാന്‍ തോന്നിയില്ല. പത്നിയുടെ തോളില്‍ നിന്ന് കുട്ടിയെ എടുത്ത് ഒച്ചയുണ്ടാക്കാതെ പുറത്തുകടന്നു. കാര്‍ സ്റ്റാര്‍ട്ടാക്കി.

അധികം വൈകാതെ അച്ഛനും പിന്നാലെയെത്തി.


************
കുട്ടി : "ഡാഡീ, ഡാഡിക്ക് മമ്മിയെ രാധൂ എന്ന് വിളിച്ചുകൂടേ ?"

അച്ഛന്‍ : "അതെന്തിനാ മോനേ ? മമ്മിയുടെ പേര് അങ്ങനെയല്ലല്ലോ?"

കുട്ടി : അങ്ങനെ വിളിക്കണം. ഡാഡി മമ്മീടെ പ്രണയമല്ലേ!"

അച്ഛന്‍ : (ആത്മഗതം) 'ഏഷ്യാനെറ്റ് എടുക്കണ്ടായിരുന്നു'

2009, മേയ് 6, ബുധനാഴ്‌ച

റേപ് കിറ്റ്

"ഇരുപതുവര്‍ഷം മുന്‍പ് ഒരു അപരിചിതന്‍ എന്റെ വീട്ടില്‍ കടന്നുകയറി എന്നെ ബലാത്സംഗം ചെയ്തു. ജീവന്‍ എങ്കിലും തിരിച്ചുകിട്ടിയതുകൊണ്ട് ഞാനുടനെ പോലീസിനെ വിളിച്ചു. അവര്‍ ഉടനെ തന്നെ വരികയും ചെയ്തു. 

ആദ്യം വന്ന ഡെപ്യൂട്ടിയും പിന്നാലെ വന്ന ഡിറ്റക്ടീവുമാരും വളരെ സഹതാപപൂര്‍വമാണ് എന്നോട് പെരുമാറിയത്. കുറ്റവാളി എന്റെ എ.റ്റി.എം. കാര്‍ഡ് തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തി പിന്‍ നമ്പര്‍ കൈവശമാക്കുകയും ചെയ്തു. ഇത് അറിഞ്ഞ ഡിറ്റക്റ്റീവുമാര്‍ എന്നെയും കാറില്‍ കയറ്റി പല ബാങ്കുകളുടെയും പരിസരം അരിച്ചുപെറുക്കി. കുറ്റവാളി എ.റ്റി.എം. കാര്‍ഡ് ഉപയോഗിച്ചാല്‍ പിടികൂടുകയും എന്റെ അക്കൗണ്ടിലുള്ള മുന്നൂറു ഡോളര്‍ പിന്‍ വലിക്കുന്നത് തടയുകയുമായിരുന്നു അവരുടെ ലക്ഷ്യം. അതില്‍ ഫലമൊന്നും കാണാഞ്ഞിട്ട്, അവര്‍ എന്നെ ആശുപത്രിയിലെത്തിച്ചു. 

ഡോക്ടര്‍മാരും നേഴ്സുമാരുമടങ്ങുന്ന വൈദ്യവിദഗ്ദ്ധരും വളരെ സഹാനുഭൂതിയോടെയായിരുന്നു എന്നോടു പെരുമാറിയത്. റേപ് ക്രൈസിസ് സെന്ററില്‍ നിന്ന് ഒരു വോളന്റിയര്‍ എത്തുകയും 'റേപ് കിറ്റ്' തയ്യാറാക്കുകയും ചെയ്തു. പോലീസ് എന്നില്‍ നിന്ന് മൊഴി എടുത്തു. എന്റെ ശാരീരിക-അവസ്ഥയെ പറ്റിയോ എന്നെ ആശുപത്രിയിലെത്തിക്കുന്നതിനെ പറ്റിയോ ചിന്തിച്ചതിനേക്കാള്‍ നഷ്ടപ്പെട്ടേക്കാവുന്ന മുന്നൂറു ഡോളറിനെപ്പറ്റിയായിരുന്നു ഡിറ്റക്ടീവുമാരുടെ വേവലാതി എന്നത് അപ്പൊഴൊക്കെയും അവിശ്വസനീയമായിരുന്നു.

അതിനു ശേഷം ഒന്നും പ്രത്യേകമായി സംഭവിച്ചില്ല. എന്റെ അച്ഛന്‍ ഡിറ്റക്റ്റീവുമാരെ പതിവായി ഫോണില്‍ വിളിച്ച് കേസിന്റെ പുരോഗതി അന്വേഷിച്ചെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. 

പ്രതി എന്റെ കാര്‍ഡുപയോഗിച്ച് പണം പിന്‍ വലിക്കുക തന്നെ ചെയ്തു. എന്നാല്‍ ആ എ.റ്റി.എമ്മില്‍ ക്യാമറ ഇല്ലാതിരുന്നതിനാല്‍ അയാളുടെ ചിത്രം ലഭ്യമായില്ല. എന്റെ പിന്‍ നംബര്‍ ഞാന്‍ തന്നെ പ്രതിക്ക് കൈമാറിയതിനാല്‍, മോഷ്ടിക്കപ്പെട്ട മുന്നൂറു ഡോളര്‍ തിരികെ തരാന്‍ ബാങ്ക് ആദ്യമൊന്നും തയ്യാറായില്ല. കുറ്റകൃത്യത്തിനു ശേഷം എന്റെ പിന്‍ നമ്പര്‍ മോഷ്ടാവിന്റെ കൈയിലെത്തിയതെങ്ങനെയെന്ന് മൂന്നു ബാങ്കുദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തിയതിനു ശേഷമാണ് പണം അക്കൗണ്ടിലെത്തിയത്.  

എന്നെ ആക്രമിച്ചയാള്‍ ഒരിക്കലും പിടിക്കപ്പെട്ടില്ല. കൃത്യത്തിന്റെ കാലപ്പഴക്കം മൂലം കേസിനു നിലനില്‍പ്പില്ലാതാകുന്നത് ഒഴിവാക്കാന്‍ ഒരു അവസാനശ്രമം എന്ന നിലയില്‍ ഞാന്‍ പോലീസുമായി ബന്ധപ്പെട്ടു. വളരെ മര്യാദയോടെ ഒരു സ്റ്റേറ്റ്മെന്റ് കൂടി അവര്‍ എഴുതിവാങ്ങിയങ്കിലും അതുകൊണ്ടും പ്രയോജനമൊന്നുമുണ്ടായില്ല.  

ബലാത്സംഗത്തിന്റെ മാനസികാഘാതത്തില്‍ നിന്ന് കാലക്രമേണ ഞാന്‍ മോചനം നേടി. എന്നെ ആക്രമിച്ചയാള്‍ തുടര്‍ന്നും സ്ത്രീകളെ അപമാനിച്ചിരിക്കാം. ഇരകളെ കൊല്ലുന്ന തലത്തിലേയ്ക്ക് അയാള്‍ കടന്നിട്ടുണ്ടാവില്ല എന്ന് മാത്രം ആശിക്കാം.  

തിരിഞ്ഞുനോക്കുമ്പോള്‍, 'വിശ്വാസത്തിലെടുക്കാവുന്ന ഇരയാണ് ഞാനെ'ന്ന് നിയമസംവിധാനം ചിന്തിച്ചതു തന്നെ ഭാഗ്യമായി കണക്കാക്കേണ്ടി വരും. അത്തരത്തില്‍ പരിഗണന കിട്ടിയത് തന്നെ മാനസികമായി ആഘാതത്തില്‍ നിന്ന് രക്ഷനേടാന്‍ സഹായകരമായിരുന്നു. ഇരുപതുവര്‍ഷത്തിനു ശേഷവും ഈ വിഷയത്തില്‍ കാര്യമായ പുരോഗതിയൊന്നും നമ്മുടെ നിയമസംവിധാനത്തിനോ സമൂഹത്തിന്റെ മനോഭാവത്തിനോ നേടാന്‍ കഴിഞ്ഞിട്ടില്ലെന്നത് ഖേദകരമാണ്" 


Is rape serious ? - എന്ന തലക്കെട്ടില്‍ വന്ന ന്യൂ യോര്‍ക്ക് ടൈംസ് വാര്‍ത്തയ്ക്ക് അനുബന്ധമായി ഒരു വായനക്കാരിയുടെ അനുഭവം പങ്കുവച്ചതിന്റെ പരിഭാഷയാണ് മുകളില്‍. എന്തിനു സമയം മെനക്കെടുത്തി എന്നു ചോദിച്ചാല്‍ ;  
റേപ് കിറ്റ് - (സെക്ഷ്വല്‍ അസ്സോള്‍ട്ട് എവിഡന്‍സ് കിറ്റ് എന്നു ചുരുക്കം) എന്നൊരു സംഗതിയുണ്ട് വികസിതരാജ്യങ്ങളില്‍. ആക്രമണത്തിനിരയായവരുടെ ശരീരത്തില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കുകയും കുറ്റവാളികളെ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യും എന്ന് നിര്‍വചനം. "sexual assault kit is the victim's best way to document the attack and help ensure prosecution of the attacker" എന്ന് വിക്കി. 

തത്വത്തില്‍ ശരി. ന്യൂയോര്‍ക്ക് നഗരത്തില്‍ തന്നെ ആസൂത്രിതമായ പരിശ്രമഫലമായി റേപ് കിറ്റുകളുടെ സഹായത്തോടെ സ്ത്രീകളെ ആക്രമിക്കുന്ന കേസുകളില്‍ മുപ്പതു ശതമാനം അധികം അറസ്റ്റുകള്‍ നടന്നു. പക്ഷേ, അതൊരു പൊതു സ്ഥിതിയല്ല. ലോസ് ആഞ്ചലസ് കൗണ്ടിയില്‍ മാത്രം 12,669 റേപ് കിറ്റുകളാണ് പരിശോധന കഴിയാതെ അലമാരകളില്‍ കഴിയുന്നത്. അതില്‍ തന്നെ 450-ലധികം കിറ്റുകള്‍ പത്തുവര്‍ഷത്തിനു മുകളില്‍ പ്രായമായവയാണ്.  

എന്താണ് കാരണം ?

ഒന്നാമത്തെ കാരണം ചിലവു തന്നെ. ഓരോ റേപ് കിറ്റും പ്രോസസ് ചെയ്യാന്‍ 1,500 ഡോളറോളം ചിലവു വരും. ചില സംസ്ഥാനങ്ങളിലൊക്കെ വാദി തന്നെ സ്വന്തം ചിലവില്‍ കിറ്റിന്റെ പ്രോസസിംഗ് നടത്തേണ്ട അവസ്ഥയാണ്. 

രണ്ടാമത്തെ കാരണമാണ് ഇതെഴുതാന്‍ പ്രേരണ : ബലാത്സംഗ കുറ്റങ്ങള്‍ക്ക് വിശ്വാസ്യതയും അവ പ്രോസിക്യൂട്ട് ചെയ്ത് വിജയിപ്പിക്കാന്‍ സാദ്ധ്യതയും കുറവാണന്നാണ് പൊതുവെ ധാരണ, പ്രത്യേകിച്ചും വാദിക്ക് പരിചിതരായ ആളുകളാണ് പ്രതികളെങ്കില്‍. സ്ത്രീയുടെ അനുവാദമില്ലാതെ ആക്രമണം സാധ്യമല്ല എന്ന മനോഭാവം അധികമൊന്നും മാറിയിട്ടില്ല എന്നു വ്യംഗം.

പച്ചമരത്തിന് ഇതാണ് സംഭവിക്കുന്നതെങ്കില്‍ ഉണക്കമരത്തിന്റെ ഗതി പറയാനുണ്ടോ ?

2009, ഏപ്രിൽ 26, ഞായറാഴ്‌ച

മുക്കര്‍ പ്രൈസ്

ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുളൊക്കെ ഓടിക്കുന്നത് ഏതു സോഫ്റ്റ് വെയറിലായിരിക്കുമെന്ന് ചിന്തിച്ചപ്പോള്‍ ഓര്‍മ്മ വന്നത് :  

എഴുതിയെഴുതി ബുക്കര്‍ പ്രൈസ് വാങ്ങണമെന്ന് ആഗ്രഹിച്ചുവെങ്കിലും 'നമ്മളൊക്കെ മുക്കിയാല്‍ മുക്കര്‍ പ്രൈസ് പോലും കിട്ടില്ലാ'ന്ന് തിരിച്ചറിഞ്ഞ എന്നെപ്പോലെ, വലിയൊരു എഴുത്തുകാരനാകണമെന്ന് ചെറുപ്പം മുതലേ അതിയായി ആശിച്ച മറ്റൊരാള്‍ ഉണ്‍ടായിരുന്നു.

സ്കൂളില്‍ വച്ച് ക്ലാസ് ടീച്ചര്‍ അയാളോട് ചോദിച്ചു :

"വലിയൊരു എഴുത്തുകാരന്‍ എന്നാല്‍ എന്താണ് കുട്ടി ഉദ്ദേശിക്കുന്നത് ?"  

അയാള്‍ പറഞ്ഞു : 

"ഞാനെഴുതുന്നത് ലോകം മുഴുവന്‍ വായിക്കണം. വായിച്ചവരൊക്കെ ആവേശഭരിതരാകണം. വികാരം മൂത്ത്, ദുഖിക്കുകയും കരയുകയും ദേഷ്യം കൊണ്ട് പൊട്ടിത്തെറിക്കുകയും അരിശപ്പെട്ട് അലറുകയും വേണം"

ആ കുട്ടിയുടെ ആഗ്രഹം സാധിച്ചു. അയാള്‍ ഇന്ന് മൈക്രോസോഫ്റ്റില്‍ 'എറര്‍ മെസ്സേജ്' എഴുതുന്നു. അവിടെ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നതില്‍ വിരലിലെണ്ണാവുന്ന ഒരാള്‍.


അതെന്തുമാകട്ടെ : മെക്സിക്കോയിലും ക്യാനഡായിലും അമേരിക്കന്‍ ഐക്യനാടുകളിലും സ്വൈന്‍ ഫ്ലൂ (പന്നിപ്പനി) പടരുന്നുവെന്ന് വാര്‍ത്ത. എന്താണീ പന്നിപ്പനിയുടെ ലക്ഷണങ്ങള്‍ എന്നോ, എന്തൊക്കെ മുങ്കരുതലുകള്‍ എടുക്കണമെന്നോ ഒരു വാര്‍ത്തയിലും പറയുന്നില്ല.

ഗൂഗിള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തീ.. വിക്കിക്കുറിമുണ്ടു ചുറ്റീ.. നടക്കുന്ന നമ്മുടടുത്താണു കളി ! ദാ കിടക്കുന്നു ലിങ്ക്. സംഗതി സാധാരണ ഇന്‍ഫ്ലുവന്‍സ പോലെ തന്നെയാണെന്നു തോന്നുന്നു. വാക്സിനൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലായെന്നുമാത്രം. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടല്ലോ.

2009, ഏപ്രിൽ 20, തിങ്കളാഴ്‌ച

നിങ്ങളെന്നെ ലെസ്ബിയനാക്കി

സഹപ്രവര്‍ത്തകയും certifiably ബ്യൂട്ടിഫുളും ആയ ഒരു ബള്‍ഗേറിയന്‍ യുവതി കുറേക്കാലമായി ബോയ്ഫ്രണ്ട്സില്ലാതെ ജീവിക്കുകയാണ്. കാരണം തിരക്കിയപ്പോള്‍, ഏറ്റവും ഒടുവിലത്തെ (അഥവാ നാലാമത്തെ) 'ബോയ്ഫ്രണ്ടിനെ അവന്റെ വീട്ടില്‍ വച്ച് മറ്റൊരു പെണ്‍കുട്ടിയ്ക്കൊപ്പം പിടികൂടിയതുകൊണ്‍ടാണ്' എന്ന് മറുപടി കിട്ടി.

"ബോയ്ഫ്രണ്‍ട്സിനെ പലകാരണങ്ങളാല്‍ മടുത്തതുകൊണ്ട് ഇനി ഗേള്‍ഫ്രണ്ട്സിനെ മാത്രം മതിയെന്നു തീരുമാനിച്ചു" എന്നു ഉച്ചത്തിലൊരു ആത്മഗതവും. 

അത്രവരെ പോയില്ലെങ്കിലും പുരുഷനെ ഉടമയായി കാണാന്‍ തയാറല്ലാത്ത യുവതികള്‍ പുരുഷന്മാരെ ഒഴിവാക്കുന്നതിനുള്ള പല കാരണങ്ങള്‍ :

അ) സ്ത്രീകള്‍ മാത്രമായാല്‍ എവിടെയെങ്കിലും പോകുന്നതിനിടെ വഴി തെറ്റിയാല്‍ വണ്ടി നിര്‍ത്തി വഴി ചോദിക്കാന്‍ മടിക്കില്ല  

ആ) ഭാര്യ കരയുന്നതിനെ 'വാട്ടര്‍ വര്‍ക്സ്' എന്നും സ്ത്രീകള്‍ സങ്കടം പറയുന്നതിനെ 'പിറ്റി പാര്‍ട്ടി' എന്നും ഇരട്ടപ്പേരു കണ്ടുപിടിക്കുന്നത് കേള്‍ക്കേണ്ട  

ഇ) കല്യാണം കഴിഞ്ഞ് പത്തുവര്‍ഷത്തിനുള്ളില്‍ ചായക്കപ്പും സോസറും വയ്ക്കാന്‍ ടീപോയ്ക്ക് പകരം ഭര്‍ത്താവിന്റെ ടമ്മിയുടെ മുകള്വശം തന്നെ മതിയാകുന്നതു കാണേണ്ടി വരില്ല. 

ഈ) വര്‍ഷത്തിലൊരിക്കലുള്ള ഫിസിക്കല്‍ എക്സാം നടത്താന്‍ നിര്‍ബന്ധിക്കെണ്ട  

ഉ) 'ആക്ഷന്‍ കോമഡി' എന്ന ലേബലില്‍ ഇറങ്ങുന്ന പൊട്ടസിനിമകള്‍ കാണാന്‍ കമ്പനി കൊടുക്കേണ്ട. "ഹണീ, ഇറ്റീസ് ഫണ്ണി" എന്ന് ഭര്‍ത്താവ് ഓര്‍മ്മിപ്പിക്കുമ്പോഴൊക്കെ ചിരിക്കുകയും വേണ്ട  

ഊ) 'പ്രിന്‍സസ് ഡയറി'യോ 'ഫിഫ്റ്റി ഫസ്റ്റ് ഡേറ്റ്സോ' കാണാന്‍ കൊണ്ടുപോയാല്‍ തീയേറ്ററിലിരുന്നുറങ്ങില്ല  

) ഭാര്യ കാറോടിക്കുമ്പോഴൊക്കെ വലതുവശത്തിരുന്ന് പാസ്സഞ്ചര്‍ ബ്രേക്ക്(*) ചവിട്ടില്ല
(*) : imaginary brake on rider's mind  

ഏ) പുതുതായി ബാംഗ്ലൂരിലെത്തുമ്പോള്‍ കന്നഡ ഒരു വാചകം തികച്ച് അറിയില്ലെങ്കിലും കന്നഡയിലുള്ള ചീത്തകള്‍ പലതും ഉച്ചാരണപ്പിശകില്ലാതെ കാണാപാഠമാകുന്നത് കാണേണ്ട  

ഐ) fair but hairy എന്ന് പങ്കാളിയെപ്പറ്റി കുണ്ഠിതപ്പെടേണ്ടി വരില്ല  

ഒ) a mistake is not a mistake until it is caught - എന്ന attitude സഹിക്കേണ്ടി വരില്ല.  

ഓ) ടോയിലെറ്റ് സീറ്റ് ഉയര്‍ത്തിവക്കുന്നതിനു നിര്‍ബന്ധിക്കേണ്ട  

ഔ) "ചോദ്യച്ചിഹ്നം പോലെ ഷര്‍ട്ട് ഹാംഗര്‍ കൊളുത്തുകള്‍" എന്നു തുടങ്ങുന്ന കവിത സഹിക്കേണ്ടി വരില്ല.

അം) ബള്‍ഗേറിയയിലൊക്കെ നഖംകടി നിര്‍ത്താന്‍ കൈയില്‍ മുളകരച്ചു തേയ്ക്കുന്ന പതിവുണ്ടത്രേ. നഖംകടിക്കാരായ ഇന്ത്യന്‍ പുരുഷന്മാരുടെ അടുത്ത് അതും ചിലവാകില്ല. ക്രഷ്ഡ് പെപ്പര്‍ സാഷെകള്‍ പൊട്ടിച്ചു പിസ്സയുടെ മുകളില്‍ തൂവിയിരിക്കുന്നതുകണ്ടാല്‍ ചുവന്നമുളക് വെയിലത്ത് ഉണക്കാനിട്ടിരിക്കുന്നെന്നേ തോന്നൂ.  

അ:) രാത്രി വൈകി വരുന്നതുകൊണ്ട് മക്കളെ വെര്‍ട്ടിക്കല്‍ പൊസിഷനില്‍ (ഉണര്‍ന്നിരിക്കുന്ന അവസ്ഥയില്‍) കാണാറില്ലാത്ത അച്ഛന്‍, നിവൃത്തികേടുകൊണ്ടെങ്ങാനും സ്കൂളില്‍ മക്കളെ പിക്ക് ചെയ്യാന്‍ ചെന്നാല്‍ ആളെ മനസ്സിലാവാതെ മക്കള്‍ ക്ലാസ്സില്‍ നിന്ന് ഇറങ്ങിവരാന്‍ മടിക്കുകയും അപരിചിതനാണെന്നു കരുതി ക്ലാസ് ടീച്ചര്‍മാര്‍ 911 വിളിക്കുകയും ചെയ്യില്ല.  

(ഓഫീസ് സംബന്ധമായി ധാരാളം യാത്ര ചെയ്യുമായിരുന്ന ഒരു കഷണ്ടിക്കാരന്‍ സഹപ്രവര്‍ത്തകന്റെ വീട്. അഛന്റെയും അമ്മയുടെയും പണ്ടത്തെ വിവാഹഫോട്ടോ കാണാന്‍ ഇടയായ മകള്‍ അമ്മയോടു ചോദിച്ചു :

"ഇതാരാണമ്മേ ഈ ഫോട്ടോയില്‍ അമ്മയുടെ കൂടെ നില്‍ക്കുന്ന സുന്ദരന്‍ ? 

അമ്മ പറഞ്ഞു : അത് അഛനാണു മോളെ" 

മകള്‍ക്ക് പുതിയൊരു സംശയം : "അപ്പോള്‍ പിന്നെ വല്ലപ്പോഴും രാത്രിയില്‍ കയറിവന്ന് വെളുപ്പിനെ ടൈ കെട്ടി ഇറങ്ങിപ്പോകുന്ന ആ കഷണ്ടിത്തലയന്‍ ആരാണമ്മേ?")


*************

അധിക പ്രേരണ - 'ദി വുമണ്‍' (2008) എന്നൊരു റീമേക്ക് സിനിമ. പൊതുവെ 'കോമഡി' എന്നൊരു ലേബലടിച്ചുകൊടുത്താല്‍ (റൊമാന്റിക് കോമഡി, ആക്ഷന്‍ കോമഡി, ..) ഏതുസിനിമയും ചിലവാകുന്ന ഹോളിവുഡില്‍ മോശമല്ലാത്തതായിട്ടും ഈ സിനിമ എങ്ങനെ വിവാദമായെന്നു കാണാന്‍ imdb - യിലെ ചര്‍ച്ചകള്‍ കാണുക.  


********  

അച്ഛന്‍ - "എടാ, നിന്നോട് ഈ ഓറഞ്ച് ജ്യൂസ് കുടിക്കാന്‍ പറഞ്ഞിട്ടെത്ര നേരമായി ? മൂത്രം വെള്ളയാകണ്ടേ! വേഗം ഒറ്റവലിക്ക് ഫിനിഷ് ചെയ്യ്"

നാലുവയസ്സുകാരന്‍ മകന്‍ - "അല്ല അച്ഛാ. ഓറഞ്ച് ജ്യൂസ് കുടിച്ചാല്‍ മൂത്രം വെള്ളയാകില്ല, മഞ്ഞയല്ലേ ആകുള്ളൂ"

2009, ഏപ്രിൽ 14, ചൊവ്വാഴ്ച

വഴക്കുകള്‍ ആരംഭിക്കരുത്, അവസാനിപ്പിക്കാന്‍ മടിക്കുകയുമരുത്

ചേഞ്ച്-ലിംഗ്  

"never start a fight, always finish it" : Christine Collins (to her son)




എപ്പൊഴാണ് ഒരു ചലച്ചിത്രം കണ്ടിരിക്കുന്നയാളുടെ ചിന്തയില്‍ ഭീതി നിറഞ്ഞ ആകാംക്ഷ ഉണ്‍ടാക്കുന്നത് ? എന്തുകൊണ്ടാണ് ഒരു ചലച്ചിത്രം കണ്ടിരിക്കുന്നത് പകുതിക്കു വച്ച് നിര്‍ത്തിയിട്ട് അതിനെപ്പറ്റി കൂടുതല്‍ ഗൂഗിള്‍ തപ്പി അറിയണമെന്ന് തോന്നിപ്പിക്കുന്നത് ? കേവലം മൂന്ന് ഓസ്കര്‍ നോമിനേഷനുകള്‍, അതിലൊന്നുപോലും നേടാനായുമില്ല. ലോകത്തിലെ ഏറ്റവും വിലയേറിയ വനിതാ സെലിബ്രിറ്റി വെറും ദുര്‍ബലയും അശരണയുമായ, നഷ്ടപ്പെട്ട മകനെ കണ്ടെത്താനാവാത്ത ഒരമ്മയായി ഗ്ലാമറൊട്ടുമില്ലാതെ പ്രത്യക്ഷപ്പെടുന്നു. പതിവിനു വിപരീതമായി 140 മിനുട്ടുകള്‍ നീണ്‍ട ഒരു ചിത്രം ആകാംക്ഷ സഹിക്കാനാവാതെ ഒറ്റയിരുപ്പില്‍ കണ്ടുതീര്‍ക്കേണ്ടി വരിക ! തീര്‍ച്ചയായും അതൊരു നല്ല ചിത്രമാണെന്നു നിശ്ചയം. 

ആയിരത്തി തൊള്ളായിരത്തി ഇരുപതുകളിലെ ലോസ് ആഞ്ചലസ്. കരിയര്‍ ഓറിയന്റഡ് ആയ ഒരു സിംഗിള്‍ മദര്‍. അവരുടെ ഒന്‍പതു വയസ്സുള്ള മകന്‍. ഒരു ദിവസം അമ്മ ജോലി കഴിഞ്ഞുവരുമ്പോള്‍ അവരുടെ മകനെ കാണാതാവുന്നു. അനാസ്ഥയുടെയും അഴിമതിയുടെയും പ്രത്യക്ഷോദാഹരണമായ ഒരു പോലീസ് ഡിപ്പാര്‍ട്മെന്റും അതിന്റെ തലവനും ഇരുപത്തിനാലുമണിക്കൂറിനു ശേഷം അന്വേഷണമാരംഭിക്കുനു. 

ദിവസങ്ങള്‍ക്കു ശേഷം ഒരു ഒന്‍പതുവയസ്സുകാരനെ ക്രിസ്റ്റീന്‍ കോളിന്‍സ് എന്ന അമ്മയുടെ മുന്നില്‍ വീണ്ടെടുത്ത മകനായി പോലീസ് ഡിപ്പാര്‍ട്മെന്റ് അവതരിപ്പിക്കുന്നു. വ്യക്തമായ ശാരീരിക-വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ "ഈ ഒന്‍പതുവയസ്സുകാരന്‍ എന്റെ മകനല്ല" എന്ന് മിസ്സിസ് കോളിന്‍സ് തറപ്പിച്ചു പറയുന്നു. പക്ഷേ, പുരുഷന്മാര്‍ നയിക്കുന്ന ഒരു കഴിവുകെട്ട പോലീസ് സംവിധാനത്തെ ഉദ്യോഗസ്ഥയായ ഒരു സ്ത്രീ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവാത്ത പോലീസ് തലവന്‍, മിസ്സിസ് കോളിന്‍സിന്റെ ബുദ്ധിക്ക് അസ്ഥിരത ആരോപിച്ച് മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്ക്കായി നിര്‍ബന്ധപൂര്‍വ്വം അയയ്ക്കുന്നു.

അവിടെ നിന്ന് വിരലിലെണ്ണാവുന്ന ചില മനുഷ്യസ്നേഹികളുടെ സഹായത്തൊടെ മിസ്സിസ് കോളിന്‍സ് പുറത്തുവരുന്നതും സ്ത്രീയെയും ന്യൂനപക്ഷങ്ങളെയും രണ്‍ടാംകിട പൗരന്മാരായി കണ്ടിരുന്ന സാമൂഹ്യനേതൃത്വത്തിനെതിരെ വിജയകരമായ നിയമയുദ്ധം നടത്തി വളരെ പ്രചോദനാത്മകമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നതുമാണ് 'ചാഞ്ചലിംഗ്' (2008)-ന്റെ ഇതിവൃത്തം. ഒരു സീരിയല്‍ കില്ലര്‍ തട്ടിക്കൊണ്ടുപോകുന്ന അവരുടെ മകന് എന്തു സംഭവിക്കുന്നു എന്നത് ചിത്രത്തിലുടനീളം പ്രേക്ഷകനെ വേട്ടയാടുന്നു.

ആഞ്ചലീനാ ജോളി വളരെ സ്വാഭാവികമായി മിസ്സിസ് കോളിന്‍സിനെ അവതരിപ്പിച്ചെങ്കിലും അഭിനേത്രിയുടെ മികവില്‍ ആശ്രയിക്കേണ്ടാത്തത്ര ശക്തമായ ഇതിവൃത്തവും തിരക്കഥയും എഡിറ്റിംഗുമാണ് ചിത്രത്തിലുള്ളത്. 

യഥാര്‍ത്ഥ സംഭവത്തിലെ ചില വസ്തുതകള്‍, ചിത്രത്തിന്റെ ഫെമിനിസ്റ്റ് തീമിലേയ്ക്കുള്ള ഫോക്കസ് മാറാതിരിക്കുവാന്‍ വേണ്ടി ഒഴിവാക്കിയതു ഖേദകരമായി എന്നത് പരാമര്‍ശിക്കാതിരിക്കാനാവില്ല. ഇത്ര വലിയ ബഡ്ജറ്റിലുള്ള ഒരു ചിത്രത്തിന്റെ കലാസംവിധാനമികവും ഇരുപതുകളിലെ ലോസ് ആഞ്ചലസ് നഗരത്തെയും വസ്ത്രധാരണത്തെയും ജീവിതരീതിയെയും പുനര്‍സൃഷ്ടിച്ചതും പ്രശംസനീയമെങ്കിലും പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ല. 

നിസ്സാരം, ഒരു മൃഗശാലയില്‍ വച്ച് ഒരു മെക്സിക്കന്‍ കുട്ടിയെ കാണാതെ പോയതുമുതല്‍ തിരികെ കിട്ടുന്നതുവരെയുള്ള അരമണിക്കൂര്‍ നേരത്തിനു ഉള്ളുരുകി സാക്ഷ്യം വഹിക്കേണ്ടി വന്നതുമുതല്‍ കാണാതാകന്ന കുട്ടികളെകളെപ്പറ്റിയുള്ള ഏതു വാര്‍ത്തകളും ഹൃദയഭേദകമാണ്. അതിന്റെ എരിതീയിലേയ്ക്ക് അധികാരികളുടെ വക അനാസ്ഥയുടെയും ഉത്തരവാദിത്വരാഹിത്യത്തിന്റെയും എണ്ണയൊഴിക്കുന്നതു കൂടിയാകുമ്പോള്‍ ഏതൊരമ്മയും അഛനും എങ്ങനെ സഹിക്കും ?

2009, മാർച്ച് 31, ചൊവ്വാഴ്ച

ചൈല്‍ഡ് സപ്പോര്‍ട്ട്

രാത്രി കട അടയ്ക്കാറായപ്പോള്‍ ലിക്കര്‍ ഷോപ്പിലേയ്ക്ക് ഒരു കസ്റ്റമര്‍ കയറിവന്നു. അദ്ദേഹം നടന്നുവന്നവഴിയേ തന്നെ ഇന്ത്യാക്കാരനായ കാഷ്യര്‍ക്ക് മില്ലര്‍ ലൈറ്റിന്റെ മണം അടിച്ചു. ഇരിക്കുന്ന കുപ്പികളെല്ലാം കണ്ണുകൊണ്ട് ഉഴിഞ്ഞിട്ടും ഏതെടുക്കണമെന്ന് കസ്റ്റമര്‍ക്ക് ശങ്ക തീരുന്നില്ല.  

"സാര്‍, ഒന്നു വേഗം എടുക്കുമോ, പ്ലീസ്. കടയടയ്ക്കാറായി"  

കസ്റ്റമര്‍ക്ക് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല : "you need to wait for me, okay ? You should realize that I am paying for your kid's tuition fees !"  

കാഷ്യറും വിട്ടില്ല : "Then the beer prices are going up from tonight"  

കസ്റ്റമര്‍ : "really ? why is that so?"  

കാഷ്യര്‍ : "because now I want to send my kids to Harvard"  




മറ്റൊരു വേനല്‍ വാരാന്ത്യത്തില്‍ അമ്മയെ വിശ്രമിക്കാന്‍ വിട്ടിട്ട് അച്ഛന്‍ മകനെ നഗരം കാട്ടാന്‍ കൊണ്ടുപോയി. വിശക്കുന്നതിനു മുന്നേതന്നെ ഹാപ്പിമീല്‍ വാങ്ങിക്കൊടുത്തു.
"മോന് Sundae ഐസ്ക്രീം വാങ്ങിത്തരട്ടേ?"
"വേണ്ട. ഇന്നു സാറ്റര്‍ഡേയല്ലേ. ഇന്നുതന്നെ വാങ്ങണം"

തിരികെ വീട്ടിലേയ്ക്ക് പോകും വഴി അച്ഛന്‍ ചോദിച്ചു :
"മോനേ, who is the best?" 
"അച്ഛാ, I am the best"

.

2009, മാർച്ച് 25, ബുധനാഴ്‌ച

യൂറോപ്പില്‍ കുട്ടികളെ പീഡിപ്പിക്കുന്നവരെ castrate ചെയ്യാന്‍ ആലോചിക്കുന്നു

ശീതീകരിച്ച സമ്മേളനമുറി. ദീര്‍ഘചതുരമേശ. ആത്മവീര്യവര്‍ദ്ധിനികസേരകള്‍. പ്രൊജക്ടര്‍. പവര്‍പോയിന്റ്. ധാതുജലം.

ഗ്രാന്‍ഡ്-ബോസ്സ്(*) പാരഡൈം ഷിഫ്റ്റിനെപ്പറ്റി വച്ചലക്കിക്കൊണ്ടിരിക്കുന്നു. വന്ദ്യവയോധികന്‍. ഇറുക്കിക്കെട്ടിയ ടൈയ്ക്കു മുകളിലൂടെ കഴുത്തിലെ മാംസം തുളുമ്പിയിറങ്ങുന്നു. ഓഷ്യന്‍സ് 11 ല്‍ ഹൃദയാഘാതം അഭിനയിക്കുന്ന കാള്‍ റെയ്നറെപ്പോലിരിക്കും.

കൃത്യം പതിനഞ്ചാമത്തെ മിനിട്ടില്‍ ബോറടിച്ചുതുടങ്ങി. ഇടതുവശത്തും വലതുവശത്തും ഇരിക്കുന്നത് അതിസുന്ദരിമാരായ ഓരോ ബ്രിട്ടീഷ് & ബനാനാ റിപബ്ലിക്ക് യുവതിമാരാണ്. പക്ഷെ, ഉറക്കം വന്നിട്ട് ഒരുപണിയുമില്ല. ഈര്‍ക്കിലി കുത്തിവച്ചാല്‍ കണ്ണു തുറന്നിരിക്കില്ല.

നാലുതവണ കണ്ണടഞ്ഞുപോയത് വരെ എണ്ണി. പിന്നെ മടിച്ചില്ല; നാണം വിചാരിക്കാതെ ഇരുന്നയിരുപ്പില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു നാപ്പെടുത്തു. നിര്‍വൃതിയോടെ കണ്ണു ചിമ്മിത്തുറക്കുമ്പോള്‍ യോഗം പിരിച്ചുവിടാറായി. സമ്മേളനത്തിന്റെ ഫീഡ്ബാക്ക് എഴുതാനുള്ള കടലാസ് പല കൈമറിഞ്ഞു മുന്നില്‍ വന്നു. ക്ഷീണിച്ചവശനായി തൊട്ടെതിര്‍ വശത്ത് പരിശീലകനും വന്നിരുന്നു.  

എല്ലാവരും കുനിഞ്ഞിരുന്ന് ഫീഡ്ബാക്ക് എഴുതാന്‍ തുടങ്ങി. "പരിശീലനം ബിലോ ആവറേജ്" എന്ന് ഫീഡ്ബാക്ക് എഴുതിക്കൊണ്ടിരുന്നത് നേരെ മുന്നിലിരുന്ന പരിശീലകന്‍ കണ്ടോ എന്ന് ഒളിഞ്ഞുനോക്കുമ്പോ......

ആണ്ടടാ ! പരിശീലകന്‍ നമ്മുടെ ഇടതുവശത്തിരുന്ന അതിസുന്ദരിയായ യുവതിയെ നോക്കിയിരിപ്പാണ് ! ജഗതി ഭിത്തിയില്‍ തൊട്ട് അച്ചാറു നക്കുന്ന ഭാവം. NAUGHTY BOY ! മൂത്രം പോകണമെങ്കില്‍ മിക്കവാറും വയാഗ്ര വേണ്‍ടിവരും. നോട്ടം കണ്ടാലോ, പെണ്ണിപ്പോ പൊട്ടിത്തെറിക്കും. യുവതിയാണെങ്കിലോ ? ഫീഡ്ബാക്ക് എഴുതണോ ഗുരുവിനെ കണ്ണുരുട്ടി പേടിപ്പിക്കണോ എന്ന ചിന്താക്കുഴപ്പത്തിലും.

യൂറോപ്പില്‍ കുട്ടികളെ പീഡിപ്പിക്കുന്നവരെ castrate ചെയ്യാന്‍ ആലോചിക്കുന്നു എന്ന് വാര്‍ത്ത. മകളുടെ പ്രായമുള്ളവര്‍ കുട്ടികളാണല്ലോ. സൗന്ദര്യാരാധകര്‍ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. ചിലയിടത്തൊക്കെ തുറിച്ചുനോട്ടവും ഹരാസ്മെന്റായിട്ടുവരും ;) 

ഒരിക്കല്‍ കോഫീ വെന്‍ഡിംഗ് മെഷീനില്‍ കോയിനിട്ട് 'സി സിക്സ്' സെലക്ട് ചെയ്ത് വനില ഡീകാഫ് ഒഴുകിവരുന്നതു നോക്കി നില്‍ക്കവേ, ഒരു കപ്പു താഴേക്കിറങ്ങി വന്നു. പിന്നാലെ അല്‍പം ചൂടുവെള്ളവും. ശേഷം, ശ് ശ് ശ് ശ് ശ് ശ് എന്ന സ്വരത്തില്‍ വായു ചീറ്റി. പിന്നെ അനക്കമില്ല. കോയിനും പോയി. കാപ്പിയും ഇല്ല. പാന്‍ട്രിയിലിരുന്നവര്‍ക്ക് ബ്രേക്ക് തീരും വരെ ചിരിക്കാന്‍ വകയുമായി.  

(*) ബോസ്സിന്റെ ബോസ്സ്

2009, മാർച്ച് 18, ബുധനാഴ്‌ച

വയ്യാത്തവരെ കളിയാക്കിയാല്‍

പത്നിയുടെ കൂട്ടുകാരിയുടെ ജന്മദിനം. സല്‍ക്കാരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ cross-eyed ആയൊരു വിളമ്പുകാരനെ കണ്‍ടു. 

പരിചാരകന്‍ വന്നുപോയിക്കഴിഞ്ഞ് തൊട്ടടുത്ത വട്ടമേശയിലിരുന്ന പെണ്‍കുട്ടികള്‍ അയാളെപ്പറ്റി മലയാളത്തില്‍ 'കോങ്കണ്ണന്‍' എന്നു പറയുന്നത് എന്റെ കുട്ടി കേട്ടു.


"അച്ഛാ, what is കോങ്കണ്ണന്‍?" 

ചുറ്റി. 

"അതു മോനെ, കോങ്കണ്ണുള്ളവര്‍ എന്നുവച്ചാല്‍, ഈ രണ്ടുകണ്ണും ഒരുപോലെ നീങ്ങാത്ത ആളുകളാണ്" 

"എന്താ?" 

"അതായത്, കോങ്കണ്ണുള്ളവര്‍ ഇവിടിരിക്കുന്ന പ്ലേറ്റില്‍ നോക്കിയാല്‍ അവിടിരിക്കുന്ന ഗ്ലാസ്സാണ് കാണുക" 

കുട്ടിക്കു ചിരി വന്നു. 

അത്രയുമായപ്പോള്‍ പത്നി ഇടപെട്ടു. "ചിരിക്കണ്ടെടാ. വയ്യാത്തവരെ കളിയാക്കരുത്. രാത്രീല്‍ ഉറക്കത്തില്‍ ദേവി വന്ന് നാക്കുചെത്തിക്കൊണ്ടുപോകും" 

അതൊടെ കുട്ടി ചിരി നിര്‍ത്തി. 

"ഇല്ല മോനെ. അമ്മ വെറുതെ പേടിപ്പിക്കുന്നതാണ്. അങ്ങനെങ്കില്‍ ദേവി ആദ്യം രഞ്ജിനി ഹരിദാസിന്റെ നാക്കു ചെത്തേണ്‍ടതല്ലായിരുന്നോ ? ആ സിനിമോളെ എപ്പോഴും പരസ്യമായി കളിയാക്കുന്നതിന്. 


(പോട്ടെ. ആ ഷോണ്‍* ഡെലോണാസിന്റെ നാക്കെങ്കിലും ചെത്തേണ്‍ടതല്ലായിരുന്നോ ?

* - ന്യൂയോര്‍ക് പോസ്റ്റിലെ ഹോമോഫോബിക് കാര്‍ട്ടൂണിസ്റ്റ്. ഹെതര്‍ മില്‍സിന്റെ അംഗവൈകല്യത്തെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ ശ്രദ്ധിക്കുക. പോയ വാരം അമേരിക്കന്‍ രാഷ്ട്രപതിയെ കുരങ്ങനായി ചിത്രീകരിച്ചിരിച്ചു കാര്‍ട്ടൂണ്‍ വരച്ച് വീണ്ടും കുപ്രസിദ്ധനായി)

2009, മാർച്ച് 17, ചൊവ്വാഴ്ച

മൃഗശാലയിലെ പുതിയ ജോലിക്കാരന്‍

"നീയറിഞ്ഞോടീ! നഗരാതിര്‍ത്തിയിലെ മൃഗശാലയില്‍ കൂടുകള്‍ കഴുകി വൃത്തിയാക്കാന്‍ വരുന്ന ചെറുപ്പക്കാരന് നന്നായി കമ്പ്യൂട്ടര്‍ അറിയാമത്രേ!"

"ഉവ്വോ?"

"ഉം. എന്തെങ്കിലും സഹായം വേണ്ടപ്പൊഴൊക്കെ അയാള്‍ കാര്യാലയത്തിനുള്ളില്‍ വന്ന് സോഫ്റ്റ് വെയറും ഹാര്‍ഡ് വെയറുമൊക്കെ നന്നാക്കിക്കൊടുക്കുമത്രേ! ഇവരൊക്കെയല്ലേ കുപ്പത്തൊട്ടിയിലെ മാണിക്യങ്ങള്‍ ?"

"ഉവ്വ! മാന്ദ്യത്തില്‍ പണി പോയ ഏതെങ്കിലും എച് വണ്‍ ബി ക്കാരനായിരിക്കും"


വൈക്കത്തപ്പനേ, ഇതെഴുതീന്ന് വച്ചെന്റെ പണി കളയിക്കല്ലേ. ഗാര്‍ബേജില്‍ കളയാന്‍ വച്ച ട്യൂണ സാന്‍ഡ് വിച്ച് തിന്നാന്‍ പോയാല്‍ പണി പോകുന്ന കാലമാണേ.

.

2009, മാർച്ച് 11, ബുധനാഴ്‌ച

എക്സ് എക്സ് വൈ

XX ക്രോമസോമുകളുടെയും XY ക്രോമസോമുകളുടെയും കൂടെക്കൂട്ടാന്‍ വയ്യാത്ത XXY ക്രോമസോമുകള്‍. സേം-സെക്സ്-ഒറിയന്റേഷനുള്ളവരെ തന്നെ അംഗീകരിക്കണമോ എന്ന് സമൂഹം തലപുകഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് ട്രാന്‍സ്ജെന്‍ഡറുകള്‍ പൊതുധാരയിലേക്ക് ഉന്തിത്തള്ളി കടന്നുവരുന്നത്. 

നമ്മുടെ സിനിമകളില്‍ ട്രാന്‍സെക്ഷ്വലുകളെ കഥാപാത്രങ്ങളാക്കാറു പതിവില്ല. അഥവാ ആക്കിയാല്‍ തന്നെ നൃത്തം ചെയ്ത് തമാശയാക്കാനോ ക്ലൈമാക്സിനു മുന്‍പേ കൊല്ലപ്പെടാനോ ആയിരിക്കും നിയോഗം. മലയാളത്തില്‍ ആകെ ഓര്‍മ്മ വരുന്നത് 'ചാന്തുപൊട്ട്' എന്ന സിനിമയാണ്. അതില്‍ തന്നെ കഥ മുഴുമിപ്പിക്കുമ്പൊഴേക്കും രാധാകൃഷ്ണന്‍ പുരുഷനായിത്തീരുകയാണ്.  

'അലക്സ്' ജനിച്ചത് ഇങ്ങനെ രണ്ടിലധികം ക്രോമസോമുകളുമായാണ്. കുട്ടിയായിരിക്കുമ്പോഴേ എളുപ്പത്തില്‍ ശസ്തക്രിയ ചെയ്ത് 'നേരെ'യാക്കാമായിരുന്നതാണ്. പക്ഷേ, ഈ തീരുമാനം അലക്സിനു വിട്ടുകൊടുക്കാനും അവള്‍/ന്‍ തനിയെ തീരുമാനെമെടുക്കാറാകുന്നതുവരെ കാത്തിരിക്കാനും അലക്സിന്റെ അഛനും അമ്മയും തയാറാകുന്നു. പതിനഞ്ചുവയസ്സായ അലക്സ് പുരുഷനാകണമോ സ്ത്രീയാകണമോ അതോ ആയിരിക്കുന്നതായി തന്നെ തുടരണമോ എന്ന് തീരുമാനിക്കുന്നതിന്റെ ബദ്ധപ്പാടുകളിലൂടെയും നീറ്റലിലൂടെയും എക്സ് എക്സ് വൈ എന്ന അര്‍ജന്റീനിയന്‍ സിനിമ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നു. 

(ട്രാന്‍സ്ജെന്‍ഡറുകളെപ്പറ്റി കൃഷ്ണതൃഷ്ണയുടെ വിശദമായ ലേഖനം)

ട്രാന്‍സ്ജെന്‍ഡര്‍ എന്നു കേള്‍ക്കുമ്പോഴേ, മുഖം ക്ഷൗരം ചെയ്ത ഉയരമുള്ള സ്ത്രീകളെയും ഇരുകൈത്തലങ്ങളും കൂട്ടിയടിച്ച് ഠപ് ശബ്ദമുണ്‍ടാക്കുന്ന വൃത്തിയില്ലാത്ത പുരുഷന്മാരെയും മാത്രം ഓര്‍മ്മ വരുന്നവര്‍ക്ക് : എക്സ് എക്സ് വൈ യുടെ ട്രെയ് ലര്‍ : (not appropriate for kids)

2009, മാർച്ച് 7, ശനിയാഴ്‌ച

തത്തപ്പച്ച നിറമുള്ള പഴുത്ത പേരയ്ക്കകള്‍

പത്നി പ്രെഗ്നന്റായിരുന്ന സമയം.

പ്രഭാതത്തില്‍ അവള്‍ വാളുവയ്ക്കുമ്പോള്‍ പുറം തടവിക്കൊണ്ട് ചെവിയില്‍ മന്ത്രിച്ചു :
"ഇറ്റ് ഈസ് ഓക്കെ ഹണീ, ഡോണ്ട് വറി, ഓക്കേ ?" 

വൊമിറ്റിംഗ് സെന്‍സേഷന്‍ തത്കാലം അവഗണിച്ച് അവള്‍ ചൂടായി : 
"ഇറ്റ് ഈസ് നോട്ട് ഓക്കെ. ! ഐ ആം വറീഡ്. ഓക്കേ ?"  

"മസാലദോശ വാങ്ങിക്കൊണ്ടുവരട്ടേ ?" 
"വേണ്ട"  

ഇന്‍ഡ്യന്‍ സ്റ്റോറില്‍ നിന്ന് പുളി വാങ്ങിത്തരട്ടേ?" 
"വേണ്ടെന്ന് പറഞ്ഞില്ലേ ?"  


ഒരു വാരാന്ത്യം പച്ചക്കറി വാങ്ങുന്നതിനിടയില്‍ അവള്‍ അത് കണ്ടുപിടിച്ചു ! 
ഒരു മൂലയ്ക്ക് കൂട്ടി വച്ചിരിക്കുന്ന തത്തപ്പച്ച നിറമുള്ള പഴുത്ത പേരയ്ക്കകള്‍ ! അഥവാ ഗുവാവ !  

അന്നും അതിന്റെ തൊട്ടടുത്ത വാരാന്ത്യത്തിലും തുടര്‍ന്ന് വരാനിരുന്ന എല്ലാ വാരാന്ത്യങ്ങളിലും രണ്ടു മുഴുത്ത പേരയ്ക്കകള്‍ വീതം മറക്കാതെ വാങ്ങാന്‍ കല്‍പന കിട്ടി. ഓരോ പേരക്കയ്ക്കും അഞ്ചു ഡോളറും ചില്ലറയും, അതിനൊത്ത ടാക്സും കൊടുത്താലെന്താ പത്നിയും ഹാപ്പി, പതിയും ഹാപ്പി. വിന്‍ വിന്‍.  

ഒരു വാരാന്ത്യത്തില്‍ പച്ചക്കറി പര്‍ച്ചേസിംഗിന് ശേഷം, വളരെ സാവധാനം നീങ്ങുന്ന ഒരു ക്യൂവില്‍ പെട്ടുപോയി. അതുവരെ കണ്ടിട്ടില്ലാത്ത ഒരു ഹിസ്പാനിക് യുവതിയാണ് സാധനം തൂക്കിനോക്കി പണം വാങ്ങാന്‍ നില്‍ക്കുന്നത്.  

പച്ചക്കറികള്‍ ഓരോന്നായി ബില്ലടിക്കുന്നതിനിടെ പേരയ്ക്കകളുടെ ഊഴമെത്തിയപ്പോള്‍ പെണ്‍കുട്ടിക്ക് ഒരു തേങ്ങല്‍. 

'ഇദെന്താണീ പച്ചഗോളം' എന്ന് എന്റെ നേരെ നോക്കുന്നു, വിലവിവരപ്പട്ടികയില്‍ കണ്ണുകൊണ്ട് ഉഴിയുന്നു, സീനിയേഴ്സ് ആരെങ്കിലും അടുത്തെവിടെയെങ്കിലും ഉണ്ടൊയെന്ന് എത്തിനോക്കുന്നു, ബില്ലടിക്കുന്ന രെജിസ്റ്റര്‍ ആഞ്ഞുപരിശോധിക്കുന്നു..

ഇത് പേരയ്ക്കയാണെന്ന് പാവം കുട്ടിക്ക് മനസിലായില്ല, അല്ലെങ്കില്‍ പേരയ്ക്കയുടെ പേര് കുട്ടിക്ക് അറിയില്ല !  

സൂപ്പര്‍വൈസറെ പേജ് ചെയ്യാനായി ഫോണിന് നേരെ പെണ്‍കുട്ടി കൈനീട്ടിയതും ഞാന്‍ ചാടിക്കയറി പറഞ്ഞു :

"ദിസ് ഈസ് അവൊക്കാഡോ"  

എനിക്കു നന്ദി പറഞ്ഞ് പെണ്‍കുട്ടി ബില്ലടിച്ചു.
അവൊക്കാഡോ x 2 = ഒരു ഡോളര്‍ എട്ടു സെന്റ്.  

പെട്ടെന്ന് എനിക്ക് വീണ്ടുവിചാരം വന്നു. "ഒരു മിനിറ്റു നില്‍ക്കണേ" എന്നു പറഞ്ഞ് ഞാന്‍ പേരയ്ക്കകള്‍ കൂട്ടിവച്ചിരിക്കുന്ന മൂലയെ ലക്ഷ്യമാക്കി പാഞ്ഞു; കുട്ടയില്‍ നിന്ന് മൂന്നു മുഴുത്ത പേരയ്ക്കകള്‍ കൂടി കൈവശമാക്കി തിരികെ വന്നു.  

തുടര്‍ന്ന് വന്ന എല്ലാ വാരാന്ത്യങ്ങളിലും എന്റെ പത്നി നിറവയര്‍ നിറയെ തത്തപ്പച്ച നിറമുള്ള പഴുത്ത പേരയ്ക്കകള്‍ തിന്നു കൊതിയും മതിയും തീര്‍ത്തു; പ്രസവശേഷവും. 

അവൊക്കാഡോയ്ക്ക് സ്തുതി.

2009, ഫെബ്രുവരി 22, ഞായറാഴ്‌ച

അക്ഷരമാല വായിക്കുന്ന കുട്ടി

മുജ്ജന്മം. (i.e., ബ്ലാക്ബെറിക്കു പകരം ബ്രിക്ക് ബെറി* ഉപയോഗിച്ചിരുന്ന കാലം)

കംകര്‍ ആശുപത്രിയില്‍ (അബു ഹാലി rd. & 22nd st.) തിരുമ്മുചികിത്സയ്ക്ക് വേണ്‍ടി അഡ്മിറ്റായിരുന്ന സുഹൃത്തിനെ കാണാന്‍ പോയതാണ്. 

ഫിസിയോതെറാപ്പി വിംഗ് അന്വേഷിച്ചുനടക്കുന്ന വഴിക്ക് ഒരു കുട്ടി ഇംഗ്ലീഷ് അക്ഷരമാല വായിച്ചുകൊണ്ടിരിക്കുന്നതു കണ്ടു. 

പ്രതീക്ഷ നഷ്ടപ്പെട്ട കണ്ണുകളോടെയെങ്കിലും ഇടക്കിടെ വരുന്നവരെയും പോകുന്നവരെയും അലസമായി നോക്കുന്നുമുണ്ട്.  

അവള്‍ വായിച്ചത് ഇപ്രകാരമായിരുന്നു : എ. ബി. സി. ഡി. ഇ. എഫ്. ജി. H. I. >>ഫാസ്റ്റ് ഫോര്‍വേര്‍ഡ്>> V. ഡബ്ള്യു. എക്സ്. വൈ. സ്സി.  

ആത്മഗതാഗതം : എന്നെങ്കിലും ഇത് ഒരു വിഷ്വല്‍ ആക്കണം.  

* - (ഇഷ്ടിക വലുപ്പമുള്ള നോക്കിയ 2110)

2009, ഫെബ്രുവരി 12, വ്യാഴാഴ്‌ച

മൈക്രോസോഫ്റ്റ് 5000 പേരെ പിരിച്ചുവിട്ടത് എന്തുകൊണ്ട് ?

പിങ്ക് സ്ലിപ് കൊണ്ട് ! അല്ല പിന്നെ !

മുന്നൂറു രൂപയ്ക്ക് Dell നെറ്റ്ബുക്ക് വിറ്റാല്‍ ഇരുനൂറു രൂപ വിന്‍ഡോസ് വിസ്റ്റയ്ക്ക് ചോദിക്കാന്‍ പറ്റുമോ ?  
"ഫുള്‍ സ്റ്റോപ്പില്‍ നിന്നാല്‍ ഫുള്‍ വരുമോ ?"

2009, ഫെബ്രുവരി 5, വ്യാഴാഴ്‌ച

പരിവര്‍ത്തിത സസ്യഭുക്കുകള്‍ and ജാത്യാലേ പച്ചക്കറി കഴിക്കുന്നവര്‍

പുലര്‍ച്ചെ ബീവിയെ വിളിച്ചെണീപ്പിക്കുക, കോമ്പ്ലാന്‍ ഇട്ടൊരു ബ്രൂക്കാപ്പി നീട്ടി ഓളെ ഞെട്ടിക്കുക, ഉദയസൂര്യനെ കാണുക (miss you), ദിവസേന അല്ലെങ്കില്‍ മാസേനയെങ്കിലും കാറു കഴുകി തുടയ്ക്കുക, പച്ചക്കറി കഴിക്കുക, പച്ചവെള്ളം കുടിക്കുക, ചുവന്ന ഇറച്ചി ഒഴിവാക്കുക, മിച്ചം പിടിക്കുക, സ്വന്തം വീതി കുറയ്ക്കുക, സായാഹ്നനടത്ത മുടക്കാതിരിക്കുക, ലാപ്ടോപ് ഓണാക്കാതിരിക്കുക, ത്രിസന്ധ്യയ്ക്ക് നാമം ജപിക്കുക, കൃത്യസമയത്ത് ഉറങ്ങാന്‍ പോകുക...

പുകയടി ഉപേക്ഷിക്കുന്നത്ര കഠിനമല്ല മറ്റൊരു പുതുവര്‍ഷ പ്രതിജ്ഞയും..  

പുതുവര്‍ഷം ഒരൊന്നൊന്നര മാസം പിന്നിടുമ്പോള്‍ എടുത്ത പ്രതിജ്ഞകള്‍ എത്രയെത്രയെണ്ണം ചീറ്റിക്കാണും. ചീറ്റാത്തത് എന്തെങ്കിലുമുണ്ടെങ്കില്‍ കൃത്യം ഒന്നര മാസത്തിനുശേഷം വാലന്റൈന്‍സ് ഡേയ്ക്ക് ചീറ്റിക്കിട്ടും. (സൂക്ഷിക്കുക ! അടുത്ത വെള്ളിയാഴ്ച ഒരു പതിമൂന്നാം തിയതിയാണ്. തൊട്ടു പിന്നാലെ വാലന്റൈന്‍സ് ഡേയും)

കഴിഞ്ഞ മൂന്നുനാലു വര്‍ഷങ്ങളായി എടുക്കാന്‍ പറ്റിയ ഒരേയൊരു പ്രതിജ്ഞയേ ഉള്ളൂ : പുതുവത്സരപ്രതിജ്ഞയേ എടുക്കാതിരിക്കുക. അത് ചീറ്റില്ല. 


ഇപ്പോള്‍ ഇന്ത്യാക്കാര്‍ക്കിടയില്‍ രണ്ടുതരം വെജിറ്റേറിയന്മാരുണ്ട് : 
 
ഒന്ന്) ജാത്യാലേ പച്ചക്കറി കഴിക്കുന്നവര്‍ - കോഴി, ആട്, പോത്ത് തുടങ്ങി ഭക്ഷണമാകേണ്ടവ തിന്നുന്ന 'സംഗതികളെ' മാത്രം തിന്നുന്നവര്‍.  
രണ്ട്) പരിവര്‍ത്തിത സസ്യഭുക്കുകള്‍ - ഇവരും പച്ചക്കറികളേ കഴിക്കൂ, പക്ഷെ ഇറച്ചി കൂട്ടി ഓര്‍ഡര്‍ ചെയ്യാന്‍ ഇപ്പോള്‍ പാങ്ങില്ലാത്തതുകൊണ്ടാണെന്നു മാത്രം.

മഹാശിവരാത്രിനാളില്‍ വിശപ്പും ദാഹവും മൂലം വലഞ്ഞ ഒരു ഗുജറാത്തി ഉച്ചയ്ക്ക് ജിമ്മി ജോണ്‍സില്‍ എത്തി ഓര്‍ഡര്‍ ചെയ്തു : 
"ഒരു 8 ഇഞ്ച് സബ് തരൂ... നോ മീറ്റ്, നോ എഗ്ഗ്, നോ ചീസ്, നോ ഫിഷ്, നോ ഒനിയന്‍സ്, നോ ഗാര്‌ലിക്". 

ഓര്‍ഡര്‍ എടുത്ത ഹിസ്പാനിക് യുവതി അഞ്ചര രൂപ വാങ്ങി പെട്ടിയിലിട്ട ശേഷം എട്ടിഞ്ചു വീതം നീളമുള്ള രണ്ടു ബ്രെഡ്ഡ് കഷണങ്ങള്‍ എടുത്തുകൊടുത്തിട്ടു ചോദിച്ചു :

"എനിതിന്‍ എല്‍സ് ?"

2009, ഫെബ്രുവരി 3, ചൊവ്വാഴ്ച

പുകവലിക്കുന്ന രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ലാല്‍ ബാഗ് ഫോര്‍ട്ട് റോഡിലെ തണുപ്പത്ത് രാമുവിനെ അനിയന്‍ ദാമു പറ്റിച്ചു.

രാമു പുകവലിക്കില്ല. ദാമു ഡെയിലി 1-2 എണ്ണം വലിച്ചുപുക വിടും. (ദാമുവിന് ഹൃദയാഘാതം വരാന്‍ രാമുവിനേക്കാള്‍ രണ്ട് മടങ്ങ് സാധ്യതയുണ്ട്)  

ഉദ്യാനനഗരത്തില്‍ ഹ്രസ്വസന്ദര്‍ശനത്തിനെത്തിയ ദാമു ജ്യേഷ്ഠനൊപ്പം സായാഹ്ന നടത്തയ്ക്കിറങ്ങിയതായിരുന്നു. നടക്കുന്നതിനിടയില്‍ ദാമു വളരെ പെട്ടെന്ന് രാമുവിനോടൊരു ചോദ്യം തൊടുത്തു "ഞാനൊരു സിഗര്‍ട്ട് വലിക്കുന്നതില്‍ വിരോധമില്ലല്ലോ അല്ലേ ?"  

രാമു ആലോചനാപൂര്‍ണ്ണവും ഉപദേശമെന്നു തോന്നാത്തതുമായ ഒരു ഡിപ്ലോമാറ്റിക് ആന്റി-സ്മോക്കിംഗ് മറുപടി തയ്യാറാക്കാന്‍ ആലോചിക്കുന്നതിനിടെ ദാമു ശരവേഗത്തില്‍ പോക്കറ്റില്‍ കൈയിട്ട് തിടുക്കത്തില്‍ ഒരു സിഗര്‍ട്ടും തീപ്പെട്ടിയും പുറത്തെടുത്ത് കത്തിച്ചുകഴിഞ്ഞു. 

ആദ്യപുകയും കണ്ടപ്പോള്‍ രാമു 'ആ അതിനെന്താ' എന്നു മറുപടി കൊടുത്തു. (പക്ഷേ, ദാമു ഉടനടി പുകവലി നിര്‍ത്തിയാല്‍ ശ്വാസകോശം പഴയ പടിയാകാന്‍ കുറേയധികം സമയം എടുക്കുമെങ്കിലും ഹൃദയം വളരെ പെട്ടെന്നു തന്നെ ആരോഗ്യം വീണ്ടെടുക്കും)  

പുകവലി നിര്‍ത്താനുള്ള ബുദ്ധിമുട്ട് എത്ര കഠിനമാണെന്ന് ആരും ദാമുവിനെ പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. ലോകം മുഴുവന്‍ രക്ഷകനായി പ്രത്യാശയോടെ ഉറ്റുനോക്കുന്ന അമേരിക്കന്‍ രാഷ്ട്രപതിയ്ക്കു പോലും പ്രൈമറിയ്ക്കിടെ പിടി വിട്ടു. ലിങ്ക്. വീഡിയോ. (എന്നാല്‍, ദാമു അന്‍പതു വയസ്സിനിടെ പുകവലി നിര്‍ത്തിയാല്‍ cardiac arrest വരാനുള്ള സാധ്യത പകുതിയാക്കി കുറയ്ക്കാം)  

ഒരു പണിയുണ്ട് ! ബീഡിയും സിഗര്‍ട്ടും വീട്ടിലും കാറിലും സ്റ്റോക്ക് ചെയ്യാതിരുന്നാല്‍ മതി. വലി തന്നെ നില്‍ക്കും !!  

ജ്യേഷ്ടനുമുന്നില്‍ പുകവലിയ്ക്കാനുള്ള ലൈസന്‍സ് സൂത്രത്തില്‍ സ്വന്തമാക്കിയ ദാമു പിന്നീട് ഡെയിലി പലതവണ നിന്നു പുകയുന്നത് രാമുവിന് കാണേണ്ടി വന്നു; കാലാന്തരത്തില്‍ ദാമു അച്ഛനാകുന്ന നാള്‍ വരെ.

2009, ജനുവരി 29, വ്യാഴാഴ്‌ച

മാന്ദ്യകാലത്ത് പണി നഷ്ടപ്പെടുന്നവര്‍

ഒബാമ ഒഴിഞ്ഞ സെനറ്റ് സീറ്റ് ലേലം വിളിച്ച പൂച്ചക്കണ്ണുകളുള്ള യുഗോസ്ലേവ്യന്‍ സുന്ദരന് ജോലി നഷ്ടപ്പെട്ടു. നിന്ന നില്‍പ്പില്‍ ഔദ്യോഗിക വാഹനവ്യൂഹവും (ഹെലികോപ്റ്റര്‍ etc) സുരക്ഷാസേനയും ഇല്ലാതായതിനെ തുടര്‍ന്ന് അദ്ദേഹം അന്തിയ്ക്ക് എങ്ങനെ വീട് പറ്റും എന്നുപോലും നിശ്ചയമില്ല.  

ഉദ്ദേശിച്ച വില കിട്ടിയില്ലെങ്കില്‍ സെനറ്റ് സീറ്റ് e-bayയില്‍ auction ചെയ്യാനും ഉദ്ദേശമുണ്ടായിരുന്നെന്ന് ഇദ്ദേഹത്തിന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ സൂചന നല്‍കുന്നു.

ഒരു സെനറ്റ് സീറ്റൊക്കെ വില്‍ക്കുമ്പോള്‍ അല്‍പം കൂടി അടക്കവും ഒതുക്കവും ആകാവുന്നതാണ് എന്നും ഇതോടെ അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ മൊത്തത്തില്‍ ഞെട്ടിയിരിക്കുമെന്നും പൗരാവലി ആഗ്രഹിക്കുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച പോലീസുകാര്‍ക്ക് അഭിനന്ദനങ്ങള്‍.

ജോലി പോകാന്‍ മാന്ദ്യം തന്നെ വേണമെന്നില്ല.


2009, ജനുവരി 26, തിങ്കളാഴ്‌ച

ബ്ലാക്ക് ഈസ് ഇന്‍ | കറുമ്പന്മാര്‍ അകത്തുകടന്നിരിക്കുന്നു !

യുഗപുരുഷനായ അവതാരകന്‍ ലാറി കിംഗിനു പറ്റിയ ഒരു കുഞ്ഞ് അബദ്ധം ! (ക്ലിപ്).
റിവേഴ്സ് റേസിസത്തിന്റെ ഏറ്റവും പുതിയ ഉദാഹരണം.. he he.

"എന്റെ എട്ടു വയസ്സുള്ള ഇളയ മകന് കറുത്തവര്‍ഗ്ഗക്കാരനാകാന്‍ ആഗ്രഹം ! അതുകൊണ്ട് ധാരാളം പ്രയോജനങ്ങളുണ്ടല്ലോ. കറുമ്പന്മാര്‍ അകത്തു കടന്നിരിക്കുന്നു !!" എന്നാണ് ഇന്നലെ വീരന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞ് പുലിവാല്‍ പിടിച്ചത്.  

എഴുപത്തഞ്ചു വയസ്സുള്ള ലാറിക്ക് എട്ടു വയസ്സുള്ള മകന്‍ ഉണ്ട് എന്നതു തന്നെ ചെറുതമാശയാണ്. മേമ്പൊടിയായി "ലാറിയെപ്പോലൊരു വിടുവായന്‍ എന്റെ അപ്പനാണെങ്കില്‍ ഞാനും കറുത്തവര്‍ഗ്ഗക്കാരന്‍ ആകാന്‍ ആഗ്രഹിച്ചേനെ" എന്നൊരു യൂട്യൂബ് സന്ദര്‍ശകന്റെ കമന്റും ! 

ചിരിപ്പിച്ചു.  

വെളുത്തവര്‍ക്ക് കറുത്തവരാകാനുള്ള പൂതി പുതുതാണോ. ആഫ്രിക്കന്‍ പൈതൃകസംഗീതമായ ഹിപ് ഹോപ് പാടി നടക്കുന്ന വെളുമ്പന്മാര്‍ എത്ര. പിന്നെ ആരാധനാപാത്രങ്ങളായ മൈക്ക് ടൈസനും പന്തുകളിക്കാരന്‍ മൈക്കിള്‍ ജോര്‍ഡനും. (മദാമ്മമാര്‍ക്കാണെങ്കില്‍ ഓപ്രയും ഡെന്‍സെലും). അമ്പതുകളിലെ വിഗ്ഗര്‍ ക്രെയ്സ് മാത്രം മതിയല്ലോ. കറുമ്പനായി ജനിച്ച് കരിയര്‍ പകുതിയായപ്പോഴേയ്ക്കും 'വെളുത്തു'പോയ ബഹറിന്‍കാരന്‍ പോപ് ഗായകനെ വെറുതെ വിട്ടിരിക്കുന്നു.  

ആട്ടെ പോട്ടെ ഇരിയ്ക്കട്ടെ. അമേരിക്കന്‍ രാഷ്ട്രപതിയുടെ കറുത്തവംശാവലി മാത്രം ഇത്രയധികം ചര്‍ച്ച ചെയ്യപ്പെടുന്നത് എന്തുകൊണ്ടായിരിക്കും ? അദ്ദേഹത്തിന്റെ അമ്മ വെളുത്തവര്‍ഗ്ഗക്കാരി. ആയകാലത്ത് നോക്കിവളര്‍ത്തിയ ഗ്രാന്‍ഡ്മദര്‍ വെളുത്തവര്‍ഗ്ഗക്കാരി.

ശ്ശെഡാ. വെല്‍ എഡ്യൂക്കേറ്റഡ്, വെല്‍ സ്പോക്കണ്‍, വെല്‍ ക്വാളിഫൈഡ് ആയ ഒരു സെല്‍ഫ് മെയ്ഡ് മനുഷ്യന്‍ എന്തെല്ലാം കേള്‍ക്കണം ?