2009, മേയ് 6, ബുധനാഴ്‌ച

റേപ് കിറ്റ്

"ഇരുപതുവര്‍ഷം മുന്‍പ് ഒരു അപരിചിതന്‍ എന്റെ വീട്ടില്‍ കടന്നുകയറി എന്നെ ബലാത്സംഗം ചെയ്തു. ജീവന്‍ എങ്കിലും തിരിച്ചുകിട്ടിയതുകൊണ്ട് ഞാനുടനെ പോലീസിനെ വിളിച്ചു. അവര്‍ ഉടനെ തന്നെ വരികയും ചെയ്തു. 

ആദ്യം വന്ന ഡെപ്യൂട്ടിയും പിന്നാലെ വന്ന ഡിറ്റക്ടീവുമാരും വളരെ സഹതാപപൂര്‍വമാണ് എന്നോട് പെരുമാറിയത്. കുറ്റവാളി എന്റെ എ.റ്റി.എം. കാര്‍ഡ് തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തി പിന്‍ നമ്പര്‍ കൈവശമാക്കുകയും ചെയ്തു. ഇത് അറിഞ്ഞ ഡിറ്റക്റ്റീവുമാര്‍ എന്നെയും കാറില്‍ കയറ്റി പല ബാങ്കുകളുടെയും പരിസരം അരിച്ചുപെറുക്കി. കുറ്റവാളി എ.റ്റി.എം. കാര്‍ഡ് ഉപയോഗിച്ചാല്‍ പിടികൂടുകയും എന്റെ അക്കൗണ്ടിലുള്ള മുന്നൂറു ഡോളര്‍ പിന്‍ വലിക്കുന്നത് തടയുകയുമായിരുന്നു അവരുടെ ലക്ഷ്യം. അതില്‍ ഫലമൊന്നും കാണാഞ്ഞിട്ട്, അവര്‍ എന്നെ ആശുപത്രിയിലെത്തിച്ചു. 

ഡോക്ടര്‍മാരും നേഴ്സുമാരുമടങ്ങുന്ന വൈദ്യവിദഗ്ദ്ധരും വളരെ സഹാനുഭൂതിയോടെയായിരുന്നു എന്നോടു പെരുമാറിയത്. റേപ് ക്രൈസിസ് സെന്ററില്‍ നിന്ന് ഒരു വോളന്റിയര്‍ എത്തുകയും 'റേപ് കിറ്റ്' തയ്യാറാക്കുകയും ചെയ്തു. പോലീസ് എന്നില്‍ നിന്ന് മൊഴി എടുത്തു. എന്റെ ശാരീരിക-അവസ്ഥയെ പറ്റിയോ എന്നെ ആശുപത്രിയിലെത്തിക്കുന്നതിനെ പറ്റിയോ ചിന്തിച്ചതിനേക്കാള്‍ നഷ്ടപ്പെട്ടേക്കാവുന്ന മുന്നൂറു ഡോളറിനെപ്പറ്റിയായിരുന്നു ഡിറ്റക്ടീവുമാരുടെ വേവലാതി എന്നത് അപ്പൊഴൊക്കെയും അവിശ്വസനീയമായിരുന്നു.

അതിനു ശേഷം ഒന്നും പ്രത്യേകമായി സംഭവിച്ചില്ല. എന്റെ അച്ഛന്‍ ഡിറ്റക്റ്റീവുമാരെ പതിവായി ഫോണില്‍ വിളിച്ച് കേസിന്റെ പുരോഗതി അന്വേഷിച്ചെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. 

പ്രതി എന്റെ കാര്‍ഡുപയോഗിച്ച് പണം പിന്‍ വലിക്കുക തന്നെ ചെയ്തു. എന്നാല്‍ ആ എ.റ്റി.എമ്മില്‍ ക്യാമറ ഇല്ലാതിരുന്നതിനാല്‍ അയാളുടെ ചിത്രം ലഭ്യമായില്ല. എന്റെ പിന്‍ നംബര്‍ ഞാന്‍ തന്നെ പ്രതിക്ക് കൈമാറിയതിനാല്‍, മോഷ്ടിക്കപ്പെട്ട മുന്നൂറു ഡോളര്‍ തിരികെ തരാന്‍ ബാങ്ക് ആദ്യമൊന്നും തയ്യാറായില്ല. കുറ്റകൃത്യത്തിനു ശേഷം എന്റെ പിന്‍ നമ്പര്‍ മോഷ്ടാവിന്റെ കൈയിലെത്തിയതെങ്ങനെയെന്ന് മൂന്നു ബാങ്കുദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തിയതിനു ശേഷമാണ് പണം അക്കൗണ്ടിലെത്തിയത്.  

എന്നെ ആക്രമിച്ചയാള്‍ ഒരിക്കലും പിടിക്കപ്പെട്ടില്ല. കൃത്യത്തിന്റെ കാലപ്പഴക്കം മൂലം കേസിനു നിലനില്‍പ്പില്ലാതാകുന്നത് ഒഴിവാക്കാന്‍ ഒരു അവസാനശ്രമം എന്ന നിലയില്‍ ഞാന്‍ പോലീസുമായി ബന്ധപ്പെട്ടു. വളരെ മര്യാദയോടെ ഒരു സ്റ്റേറ്റ്മെന്റ് കൂടി അവര്‍ എഴുതിവാങ്ങിയങ്കിലും അതുകൊണ്ടും പ്രയോജനമൊന്നുമുണ്ടായില്ല.  

ബലാത്സംഗത്തിന്റെ മാനസികാഘാതത്തില്‍ നിന്ന് കാലക്രമേണ ഞാന്‍ മോചനം നേടി. എന്നെ ആക്രമിച്ചയാള്‍ തുടര്‍ന്നും സ്ത്രീകളെ അപമാനിച്ചിരിക്കാം. ഇരകളെ കൊല്ലുന്ന തലത്തിലേയ്ക്ക് അയാള്‍ കടന്നിട്ടുണ്ടാവില്ല എന്ന് മാത്രം ആശിക്കാം.  

തിരിഞ്ഞുനോക്കുമ്പോള്‍, 'വിശ്വാസത്തിലെടുക്കാവുന്ന ഇരയാണ് ഞാനെ'ന്ന് നിയമസംവിധാനം ചിന്തിച്ചതു തന്നെ ഭാഗ്യമായി കണക്കാക്കേണ്ടി വരും. അത്തരത്തില്‍ പരിഗണന കിട്ടിയത് തന്നെ മാനസികമായി ആഘാതത്തില്‍ നിന്ന് രക്ഷനേടാന്‍ സഹായകരമായിരുന്നു. ഇരുപതുവര്‍ഷത്തിനു ശേഷവും ഈ വിഷയത്തില്‍ കാര്യമായ പുരോഗതിയൊന്നും നമ്മുടെ നിയമസംവിധാനത്തിനോ സമൂഹത്തിന്റെ മനോഭാവത്തിനോ നേടാന്‍ കഴിഞ്ഞിട്ടില്ലെന്നത് ഖേദകരമാണ്" 


Is rape serious ? - എന്ന തലക്കെട്ടില്‍ വന്ന ന്യൂ യോര്‍ക്ക് ടൈംസ് വാര്‍ത്തയ്ക്ക് അനുബന്ധമായി ഒരു വായനക്കാരിയുടെ അനുഭവം പങ്കുവച്ചതിന്റെ പരിഭാഷയാണ് മുകളില്‍. എന്തിനു സമയം മെനക്കെടുത്തി എന്നു ചോദിച്ചാല്‍ ;  
റേപ് കിറ്റ് - (സെക്ഷ്വല്‍ അസ്സോള്‍ട്ട് എവിഡന്‍സ് കിറ്റ് എന്നു ചുരുക്കം) എന്നൊരു സംഗതിയുണ്ട് വികസിതരാജ്യങ്ങളില്‍. ആക്രമണത്തിനിരയായവരുടെ ശരീരത്തില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കുകയും കുറ്റവാളികളെ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യും എന്ന് നിര്‍വചനം. "sexual assault kit is the victim's best way to document the attack and help ensure prosecution of the attacker" എന്ന് വിക്കി. 

തത്വത്തില്‍ ശരി. ന്യൂയോര്‍ക്ക് നഗരത്തില്‍ തന്നെ ആസൂത്രിതമായ പരിശ്രമഫലമായി റേപ് കിറ്റുകളുടെ സഹായത്തോടെ സ്ത്രീകളെ ആക്രമിക്കുന്ന കേസുകളില്‍ മുപ്പതു ശതമാനം അധികം അറസ്റ്റുകള്‍ നടന്നു. പക്ഷേ, അതൊരു പൊതു സ്ഥിതിയല്ല. ലോസ് ആഞ്ചലസ് കൗണ്ടിയില്‍ മാത്രം 12,669 റേപ് കിറ്റുകളാണ് പരിശോധന കഴിയാതെ അലമാരകളില്‍ കഴിയുന്നത്. അതില്‍ തന്നെ 450-ലധികം കിറ്റുകള്‍ പത്തുവര്‍ഷത്തിനു മുകളില്‍ പ്രായമായവയാണ്.  

എന്താണ് കാരണം ?

ഒന്നാമത്തെ കാരണം ചിലവു തന്നെ. ഓരോ റേപ് കിറ്റും പ്രോസസ് ചെയ്യാന്‍ 1,500 ഡോളറോളം ചിലവു വരും. ചില സംസ്ഥാനങ്ങളിലൊക്കെ വാദി തന്നെ സ്വന്തം ചിലവില്‍ കിറ്റിന്റെ പ്രോസസിംഗ് നടത്തേണ്ട അവസ്ഥയാണ്. 

രണ്ടാമത്തെ കാരണമാണ് ഇതെഴുതാന്‍ പ്രേരണ : ബലാത്സംഗ കുറ്റങ്ങള്‍ക്ക് വിശ്വാസ്യതയും അവ പ്രോസിക്യൂട്ട് ചെയ്ത് വിജയിപ്പിക്കാന്‍ സാദ്ധ്യതയും കുറവാണന്നാണ് പൊതുവെ ധാരണ, പ്രത്യേകിച്ചും വാദിക്ക് പരിചിതരായ ആളുകളാണ് പ്രതികളെങ്കില്‍. സ്ത്രീയുടെ അനുവാദമില്ലാതെ ആക്രമണം സാധ്യമല്ല എന്ന മനോഭാവം അധികമൊന്നും മാറിയിട്ടില്ല എന്നു വ്യംഗം.

പച്ചമരത്തിന് ഇതാണ് സംഭവിക്കുന്നതെങ്കില്‍ ഉണക്കമരത്തിന്റെ ഗതി പറയാനുണ്ടോ ?

6 അഭിപ്രായങ്ങൾ:

  1. ...മൊത്തത്തില്‍ കുഴപ്പമില്ല......
    പച്ച മരവും ഉണക്ക മരവും മനസ്സിലായില്ല..!

    മറുപടിഇല്ലാതാക്കൂ
  2. ഇവിടെ കമന്റ്സ് എഴുതിയ രണ്ടു പേരോട് യോജിക്കുന്നു മുഴുവന്‍ മനസിലായില്ല

    മറുപടിഇല്ലാതാക്കൂ
  3. എനിക്ക് മനസ്സിലായി.. എനിക്ക് വല്ല കുഴപ്പോം ഉണ്ടോ.. എന്നില്‍ വല്ല റേപ്പിസ്റ്റും ഉറങ്ങികിടപ്പുണ്ടാകുമോ :-(

    ഉമേഷിന്റെ റീഡിംഗ് ലിസ്റ്റില്‍ നിന്നും ന്യുയോര്‍ക്ക് ടൈംസിലെ ലേഖനം കണ്ടിരുന്നു.

    മറുപടിഇല്ലാതാക്കൂ
  4. ഹന്‍ ല്ലലത്, ദീപക് രാജ്, രമനിഗാ : "വികസിത രാജ്യങ്ങളിലെ പച്ചമരങ്ങള്‍ക്ക് ഇതാണെങ്കില്‍ വികസ്വര രാജ്യങ്ങളിലെ ഉണക്കമരങ്ങളുടെ ഗതിയെന്ത്" എന്നാക്കിയാലോ ? വായനക്കാരി എഴുതിയ അനുഭവവും റേപ് കിറ്റും സെല്‍ഫ് എക്സ്പ്ലനേറ്ററിയാണെന്നു കരുതട്ടെ.

    സിജൂ : ഒരാള്‍ക്കെങ്കില്‍ ഒരാള്‍ക്ക് കുറ്റബോധം തോന്നിയല്ലോ; തൃപ്തിയായി ;)

    മറുപടിഇല്ലാതാക്കൂ
  5. വിതുര കേസിലെ പെണ്‍കുട്ടി പത്തുവര്‍ഷമായി കോടതി കയറിയിറങ്ങുന്നു. ഇനി കോടതിയില്‍പ്പോവില്ല, എന്നെ നിര്‍ബന്ധിക്കരുത് എന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണോട് അവര്‍ കരഞ്ഞു പറയുന്നു. കാര്യം - ഓരോ തവണയും കോടതിയിലെ ചോദ്യങ്ങള്‍ അത്ര ദുസ്സഹമാണ്. പത്തുവര്‍ഷമായിട്ടും ആരെയും ശിക്ഷിച്ചില്ല എന്നത് വേറെ.

    മറുപടിഇല്ലാതാക്കൂ