2009, ഓഗസ്റ്റ് 8, ശനിയാഴ്‌ച

പത്തറുപതു വയസ്സുള്ള ആതിഥേയന്‍

പത്നിയുടെ വളരെയകന്ന ബന്ധത്തിലൊരുത്തന്‍ ഒരു വേനല്‍ വാരാന്ത്യത്തില്‍ വിരുന്നിനു വിളിച്ചു. 'എന്തു ബന്ധം' എന്ന് ഓര്‍ത്തെടുക്കാന്‍ തലച്ചോറിന്റെ മുഴുവന്‍ ചുളിവും നിവര്‍ക്കേണ്ടി വരും.

പുതിയ പട്ടണത്തിലേയ്ക്ക് താമസം മാറിയിട്ട് അധികമാകാത്തതിനാല്‍ പോയേക്കാമെന്നു കരുതി. പുതിയൊരു ഫാമിലിയെ പരിചയമാകും. ഒരു പോളിസി ചെലവാക്കാനായാല്‍ അതുമായി. അച്ഛന്‍ വന്ന് കാറില്‍ ലിഫ്റ്റ് തരും. ഡ്രൈവിംഗും പെട്രോളും ലാഭം.

ചെന്നു. കണ്ടു. വീട്ടുകാരെ പരിചയപ്പെട്ടു. വിരുന്നാരംഭിക്കുന്നതിനു മുന്‍പ് മറ്റു രണ്ടു വീട്ടുകാര്‍ കൂടി എത്തിച്ചേര്‍ന്നു. ഒന്ന് വിരുന്നുവിളിച്ചവന്റെ മകളും മരുമകനും. മറ്റൊന്ന് മുന്‍-നാട്ടുകാരന്‍. എനിക്കു വയ്യ. ഇന്നു മൊത്തം മൂന്നു പോളിസി ചിലവാകുന്ന ലക്ഷണമാണ്.

ഉപചാരം ചൊല്ലി പാനോപചാരം തുടങ്ങി.

ആതിഥേയന്‍ : "കഴിയ്ക്കാറില്ലേ?"

"കഴിവതും ഇല്ല. നിര്‍ബന്ധിക്കരുത്"

"എന്നാല്‍.. ഒരു ബീയറൊഴിക്കട്ടെ?"

മുടിയാനായിട്ട് "ശരി ഒഴി"

തുടര്‍ന്ന് ആതിഥേയന്റെ മുന്‍-നാട്ടുകാരന്‍ ഒരു പാട്ടു പാടി. കുറേ നാളായി പാടല്‍ മുടങ്ങിക്കിടന്നയാളാണ്. വല്യ കേമമൊന്നുമില്ലെങ്കിലും ഒരു കലാകാരനെ നിരുത്സാഹപ്പെടുത്തരുതല്ലോ.

താളം പിടിച്ചു. തലയാട്ടി. പാട്ടു തീര്‍ന്നപ്പോള്‍ കൈയുമടിച്ചു.

പ്രോത്സാഹനം കൂടിപ്പോയെന്നു തോന്നുന്നു. ടിയാന്‍ ഒരു പാട്ടുകൂടി പാടി. വീണ്ടും താളം പിടിച്ചു. തലയാട്ടി. കൈയടിച്ചു.

അപ്പോഴാണ്, ആതിഥേയന്റെ മരുമകന് ഒരു പാട്ടുപാടാന്‍ മോഹം.

മരുമോന്‍ പാടി. പ്രോത്സാഹിപ്പിച്ചു. സഹനശേഷിക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു ബീയര്‍ ചോദിക്കാതെ തന്നെ എടുത്തൊഴിച്ചു മുന്നില്‍ വച്ചു.

ശേഷം, മുന്‍-നാട്ടുകാരനും മരുമകനും പത്തറുപതു വയസ്സുള്ള ആതിഥേയനും കൂടി ഒരു സമൂഹഗാനം.

ആതിഥേയനെ ഒതുക്കത്തില്‍ വിളിച്ചു സങ്കടമുണര്‍ത്തിച്ചു. 'പിറ്റേന്ന് രാവിലെ ഓവര്‍ടൈം ചെയ്യാനായി ഓഫീസിലെത്താനുള്ളതാണ്. തുറന്ന് അടിച്ചുവാരി വൃത്തിയാക്കി കസ്റ്റമേഴ്സ് എത്തിത്തുടങ്ങുന്നതിനു മുന്‍പ് ടൈ കെട്ടി കസേരയിലിരിക്കുകയും വേണം'.

"ദിപ്പ കഴിഞ്ഞു" എന്നു മറുപടി കിട്ടി.

ഗാനമേള തുടര്‍ന്നു.

സമയം പത്തുകഴിയുന്നു. പ്രതിഷേധസൂചകമായി ഒന്നു എണീറ്റ് വാഷ്-റൂമില്‍ പോയി സാവധാനം തിരികെ വന്നു. വരുന്ന വഴിക്കൊരു സോഫയില്‍ ഒരു പത്തുപന്ത്രണ്ടു വയസ്സുള്ള ചെക്കന്‍ കിടന്നുറങ്ങുന്നതു കണ്ടു.

എണീറ്റതിനു ഫലമുണ്ടായി. അത്താഴം വിളമ്പാന്‍ തീരുമാനമായി. അത്താഴത്തിനിടെ ആതിഥേയരുമായി വീണ്ടും നര്‍മ്മസല്ലാപം നടത്തി.

പിന്നീടാണ് അത്യാഹിതമുണ്ടായത്. ഭക്ഷണം കഴിഞ്ഞെണീറ്റവര്‍ ഓരോ ഗ്ലാസുകളുമായി വീണ്ടും പാട്ടുപാടാനിരുന്നു.

പിന്നെ മര്യാദയും മാന്യതയും നോക്കാന്‍ തോന്നിയില്ല. പത്നിയുടെ തോളില്‍ നിന്ന് കുട്ടിയെ എടുത്ത് ഒച്ചയുണ്ടാക്കാതെ പുറത്തുകടന്നു. കാര്‍ സ്റ്റാര്‍ട്ടാക്കി.

അധികം വൈകാതെ അച്ഛനും പിന്നാലെയെത്തി.


************
കുട്ടി : "ഡാഡീ, ഡാഡിക്ക് മമ്മിയെ രാധൂ എന്ന് വിളിച്ചുകൂടേ ?"

അച്ഛന്‍ : "അതെന്തിനാ മോനേ ? മമ്മിയുടെ പേര് അങ്ങനെയല്ലല്ലോ?"

കുട്ടി : അങ്ങനെ വിളിക്കണം. ഡാഡി മമ്മീടെ പ്രണയമല്ലേ!"

അച്ഛന്‍ : (ആത്മഗതം) 'ഏഷ്യാനെറ്റ് എടുക്കണ്ടായിരുന്നു'

1 അഭിപ്രായം: