2009, മാർച്ച് 7, ശനിയാഴ്‌ച

തത്തപ്പച്ച നിറമുള്ള പഴുത്ത പേരയ്ക്കകള്‍

പത്നി പ്രെഗ്നന്റായിരുന്ന സമയം.

പ്രഭാതത്തില്‍ അവള്‍ വാളുവയ്ക്കുമ്പോള്‍ പുറം തടവിക്കൊണ്ട് ചെവിയില്‍ മന്ത്രിച്ചു :
"ഇറ്റ് ഈസ് ഓക്കെ ഹണീ, ഡോണ്ട് വറി, ഓക്കേ ?" 

വൊമിറ്റിംഗ് സെന്‍സേഷന്‍ തത്കാലം അവഗണിച്ച് അവള്‍ ചൂടായി : 
"ഇറ്റ് ഈസ് നോട്ട് ഓക്കെ. ! ഐ ആം വറീഡ്. ഓക്കേ ?"  

"മസാലദോശ വാങ്ങിക്കൊണ്ടുവരട്ടേ ?" 
"വേണ്ട"  

ഇന്‍ഡ്യന്‍ സ്റ്റോറില്‍ നിന്ന് പുളി വാങ്ങിത്തരട്ടേ?" 
"വേണ്ടെന്ന് പറഞ്ഞില്ലേ ?"  


ഒരു വാരാന്ത്യം പച്ചക്കറി വാങ്ങുന്നതിനിടയില്‍ അവള്‍ അത് കണ്ടുപിടിച്ചു ! 
ഒരു മൂലയ്ക്ക് കൂട്ടി വച്ചിരിക്കുന്ന തത്തപ്പച്ച നിറമുള്ള പഴുത്ത പേരയ്ക്കകള്‍ ! അഥവാ ഗുവാവ !  

അന്നും അതിന്റെ തൊട്ടടുത്ത വാരാന്ത്യത്തിലും തുടര്‍ന്ന് വരാനിരുന്ന എല്ലാ വാരാന്ത്യങ്ങളിലും രണ്ടു മുഴുത്ത പേരയ്ക്കകള്‍ വീതം മറക്കാതെ വാങ്ങാന്‍ കല്‍പന കിട്ടി. ഓരോ പേരക്കയ്ക്കും അഞ്ചു ഡോളറും ചില്ലറയും, അതിനൊത്ത ടാക്സും കൊടുത്താലെന്താ പത്നിയും ഹാപ്പി, പതിയും ഹാപ്പി. വിന്‍ വിന്‍.  

ഒരു വാരാന്ത്യത്തില്‍ പച്ചക്കറി പര്‍ച്ചേസിംഗിന് ശേഷം, വളരെ സാവധാനം നീങ്ങുന്ന ഒരു ക്യൂവില്‍ പെട്ടുപോയി. അതുവരെ കണ്ടിട്ടില്ലാത്ത ഒരു ഹിസ്പാനിക് യുവതിയാണ് സാധനം തൂക്കിനോക്കി പണം വാങ്ങാന്‍ നില്‍ക്കുന്നത്.  

പച്ചക്കറികള്‍ ഓരോന്നായി ബില്ലടിക്കുന്നതിനിടെ പേരയ്ക്കകളുടെ ഊഴമെത്തിയപ്പോള്‍ പെണ്‍കുട്ടിക്ക് ഒരു തേങ്ങല്‍. 

'ഇദെന്താണീ പച്ചഗോളം' എന്ന് എന്റെ നേരെ നോക്കുന്നു, വിലവിവരപ്പട്ടികയില്‍ കണ്ണുകൊണ്ട് ഉഴിയുന്നു, സീനിയേഴ്സ് ആരെങ്കിലും അടുത്തെവിടെയെങ്കിലും ഉണ്ടൊയെന്ന് എത്തിനോക്കുന്നു, ബില്ലടിക്കുന്ന രെജിസ്റ്റര്‍ ആഞ്ഞുപരിശോധിക്കുന്നു..

ഇത് പേരയ്ക്കയാണെന്ന് പാവം കുട്ടിക്ക് മനസിലായില്ല, അല്ലെങ്കില്‍ പേരയ്ക്കയുടെ പേര് കുട്ടിക്ക് അറിയില്ല !  

സൂപ്പര്‍വൈസറെ പേജ് ചെയ്യാനായി ഫോണിന് നേരെ പെണ്‍കുട്ടി കൈനീട്ടിയതും ഞാന്‍ ചാടിക്കയറി പറഞ്ഞു :

"ദിസ് ഈസ് അവൊക്കാഡോ"  

എനിക്കു നന്ദി പറഞ്ഞ് പെണ്‍കുട്ടി ബില്ലടിച്ചു.
അവൊക്കാഡോ x 2 = ഒരു ഡോളര്‍ എട്ടു സെന്റ്.  

പെട്ടെന്ന് എനിക്ക് വീണ്ടുവിചാരം വന്നു. "ഒരു മിനിറ്റു നില്‍ക്കണേ" എന്നു പറഞ്ഞ് ഞാന്‍ പേരയ്ക്കകള്‍ കൂട്ടിവച്ചിരിക്കുന്ന മൂലയെ ലക്ഷ്യമാക്കി പാഞ്ഞു; കുട്ടയില്‍ നിന്ന് മൂന്നു മുഴുത്ത പേരയ്ക്കകള്‍ കൂടി കൈവശമാക്കി തിരികെ വന്നു.  

തുടര്‍ന്ന് വന്ന എല്ലാ വാരാന്ത്യങ്ങളിലും എന്റെ പത്നി നിറവയര്‍ നിറയെ തത്തപ്പച്ച നിറമുള്ള പഴുത്ത പേരയ്ക്കകള്‍ തിന്നു കൊതിയും മതിയും തീര്‍ത്തു; പ്രസവശേഷവും. 

അവൊക്കാഡോയ്ക്ക് സ്തുതി.

6 അഭിപ്രായങ്ങൾ: