2009, മാർച്ച് 31, ചൊവ്വാഴ്ച

ചൈല്‍ഡ് സപ്പോര്‍ട്ട്

രാത്രി കട അടയ്ക്കാറായപ്പോള്‍ ലിക്കര്‍ ഷോപ്പിലേയ്ക്ക് ഒരു കസ്റ്റമര്‍ കയറിവന്നു. അദ്ദേഹം നടന്നുവന്നവഴിയേ തന്നെ ഇന്ത്യാക്കാരനായ കാഷ്യര്‍ക്ക് മില്ലര്‍ ലൈറ്റിന്റെ മണം അടിച്ചു. ഇരിക്കുന്ന കുപ്പികളെല്ലാം കണ്ണുകൊണ്ട് ഉഴിഞ്ഞിട്ടും ഏതെടുക്കണമെന്ന് കസ്റ്റമര്‍ക്ക് ശങ്ക തീരുന്നില്ല.  

"സാര്‍, ഒന്നു വേഗം എടുക്കുമോ, പ്ലീസ്. കടയടയ്ക്കാറായി"  

കസ്റ്റമര്‍ക്ക് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല : "you need to wait for me, okay ? You should realize that I am paying for your kid's tuition fees !"  

കാഷ്യറും വിട്ടില്ല : "Then the beer prices are going up from tonight"  

കസ്റ്റമര്‍ : "really ? why is that so?"  

കാഷ്യര്‍ : "because now I want to send my kids to Harvard"  




മറ്റൊരു വേനല്‍ വാരാന്ത്യത്തില്‍ അമ്മയെ വിശ്രമിക്കാന്‍ വിട്ടിട്ട് അച്ഛന്‍ മകനെ നഗരം കാട്ടാന്‍ കൊണ്ടുപോയി. വിശക്കുന്നതിനു മുന്നേതന്നെ ഹാപ്പിമീല്‍ വാങ്ങിക്കൊടുത്തു.
"മോന് Sundae ഐസ്ക്രീം വാങ്ങിത്തരട്ടേ?"
"വേണ്ട. ഇന്നു സാറ്റര്‍ഡേയല്ലേ. ഇന്നുതന്നെ വാങ്ങണം"

തിരികെ വീട്ടിലേയ്ക്ക് പോകും വഴി അച്ഛന്‍ ചോദിച്ചു :
"മോനേ, who is the best?" 
"അച്ഛാ, I am the best"

.

2009, മാർച്ച് 25, ബുധനാഴ്‌ച

യൂറോപ്പില്‍ കുട്ടികളെ പീഡിപ്പിക്കുന്നവരെ castrate ചെയ്യാന്‍ ആലോചിക്കുന്നു

ശീതീകരിച്ച സമ്മേളനമുറി. ദീര്‍ഘചതുരമേശ. ആത്മവീര്യവര്‍ദ്ധിനികസേരകള്‍. പ്രൊജക്ടര്‍. പവര്‍പോയിന്റ്. ധാതുജലം.

ഗ്രാന്‍ഡ്-ബോസ്സ്(*) പാരഡൈം ഷിഫ്റ്റിനെപ്പറ്റി വച്ചലക്കിക്കൊണ്ടിരിക്കുന്നു. വന്ദ്യവയോധികന്‍. ഇറുക്കിക്കെട്ടിയ ടൈയ്ക്കു മുകളിലൂടെ കഴുത്തിലെ മാംസം തുളുമ്പിയിറങ്ങുന്നു. ഓഷ്യന്‍സ് 11 ല്‍ ഹൃദയാഘാതം അഭിനയിക്കുന്ന കാള്‍ റെയ്നറെപ്പോലിരിക്കും.

കൃത്യം പതിനഞ്ചാമത്തെ മിനിട്ടില്‍ ബോറടിച്ചുതുടങ്ങി. ഇടതുവശത്തും വലതുവശത്തും ഇരിക്കുന്നത് അതിസുന്ദരിമാരായ ഓരോ ബ്രിട്ടീഷ് & ബനാനാ റിപബ്ലിക്ക് യുവതിമാരാണ്. പക്ഷെ, ഉറക്കം വന്നിട്ട് ഒരുപണിയുമില്ല. ഈര്‍ക്കിലി കുത്തിവച്ചാല്‍ കണ്ണു തുറന്നിരിക്കില്ല.

നാലുതവണ കണ്ണടഞ്ഞുപോയത് വരെ എണ്ണി. പിന്നെ മടിച്ചില്ല; നാണം വിചാരിക്കാതെ ഇരുന്നയിരുപ്പില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു നാപ്പെടുത്തു. നിര്‍വൃതിയോടെ കണ്ണു ചിമ്മിത്തുറക്കുമ്പോള്‍ യോഗം പിരിച്ചുവിടാറായി. സമ്മേളനത്തിന്റെ ഫീഡ്ബാക്ക് എഴുതാനുള്ള കടലാസ് പല കൈമറിഞ്ഞു മുന്നില്‍ വന്നു. ക്ഷീണിച്ചവശനായി തൊട്ടെതിര്‍ വശത്ത് പരിശീലകനും വന്നിരുന്നു.  

എല്ലാവരും കുനിഞ്ഞിരുന്ന് ഫീഡ്ബാക്ക് എഴുതാന്‍ തുടങ്ങി. "പരിശീലനം ബിലോ ആവറേജ്" എന്ന് ഫീഡ്ബാക്ക് എഴുതിക്കൊണ്ടിരുന്നത് നേരെ മുന്നിലിരുന്ന പരിശീലകന്‍ കണ്ടോ എന്ന് ഒളിഞ്ഞുനോക്കുമ്പോ......

ആണ്ടടാ ! പരിശീലകന്‍ നമ്മുടെ ഇടതുവശത്തിരുന്ന അതിസുന്ദരിയായ യുവതിയെ നോക്കിയിരിപ്പാണ് ! ജഗതി ഭിത്തിയില്‍ തൊട്ട് അച്ചാറു നക്കുന്ന ഭാവം. NAUGHTY BOY ! മൂത്രം പോകണമെങ്കില്‍ മിക്കവാറും വയാഗ്ര വേണ്‍ടിവരും. നോട്ടം കണ്ടാലോ, പെണ്ണിപ്പോ പൊട്ടിത്തെറിക്കും. യുവതിയാണെങ്കിലോ ? ഫീഡ്ബാക്ക് എഴുതണോ ഗുരുവിനെ കണ്ണുരുട്ടി പേടിപ്പിക്കണോ എന്ന ചിന്താക്കുഴപ്പത്തിലും.

യൂറോപ്പില്‍ കുട്ടികളെ പീഡിപ്പിക്കുന്നവരെ castrate ചെയ്യാന്‍ ആലോചിക്കുന്നു എന്ന് വാര്‍ത്ത. മകളുടെ പ്രായമുള്ളവര്‍ കുട്ടികളാണല്ലോ. സൗന്ദര്യാരാധകര്‍ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. ചിലയിടത്തൊക്കെ തുറിച്ചുനോട്ടവും ഹരാസ്മെന്റായിട്ടുവരും ;) 

ഒരിക്കല്‍ കോഫീ വെന്‍ഡിംഗ് മെഷീനില്‍ കോയിനിട്ട് 'സി സിക്സ്' സെലക്ട് ചെയ്ത് വനില ഡീകാഫ് ഒഴുകിവരുന്നതു നോക്കി നില്‍ക്കവേ, ഒരു കപ്പു താഴേക്കിറങ്ങി വന്നു. പിന്നാലെ അല്‍പം ചൂടുവെള്ളവും. ശേഷം, ശ് ശ് ശ് ശ് ശ് ശ് എന്ന സ്വരത്തില്‍ വായു ചീറ്റി. പിന്നെ അനക്കമില്ല. കോയിനും പോയി. കാപ്പിയും ഇല്ല. പാന്‍ട്രിയിലിരുന്നവര്‍ക്ക് ബ്രേക്ക് തീരും വരെ ചിരിക്കാന്‍ വകയുമായി.  

(*) ബോസ്സിന്റെ ബോസ്സ്

2009, മാർച്ച് 18, ബുധനാഴ്‌ച

വയ്യാത്തവരെ കളിയാക്കിയാല്‍

പത്നിയുടെ കൂട്ടുകാരിയുടെ ജന്മദിനം. സല്‍ക്കാരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ cross-eyed ആയൊരു വിളമ്പുകാരനെ കണ്‍ടു. 

പരിചാരകന്‍ വന്നുപോയിക്കഴിഞ്ഞ് തൊട്ടടുത്ത വട്ടമേശയിലിരുന്ന പെണ്‍കുട്ടികള്‍ അയാളെപ്പറ്റി മലയാളത്തില്‍ 'കോങ്കണ്ണന്‍' എന്നു പറയുന്നത് എന്റെ കുട്ടി കേട്ടു.


"അച്ഛാ, what is കോങ്കണ്ണന്‍?" 

ചുറ്റി. 

"അതു മോനെ, കോങ്കണ്ണുള്ളവര്‍ എന്നുവച്ചാല്‍, ഈ രണ്ടുകണ്ണും ഒരുപോലെ നീങ്ങാത്ത ആളുകളാണ്" 

"എന്താ?" 

"അതായത്, കോങ്കണ്ണുള്ളവര്‍ ഇവിടിരിക്കുന്ന പ്ലേറ്റില്‍ നോക്കിയാല്‍ അവിടിരിക്കുന്ന ഗ്ലാസ്സാണ് കാണുക" 

കുട്ടിക്കു ചിരി വന്നു. 

അത്രയുമായപ്പോള്‍ പത്നി ഇടപെട്ടു. "ചിരിക്കണ്ടെടാ. വയ്യാത്തവരെ കളിയാക്കരുത്. രാത്രീല്‍ ഉറക്കത്തില്‍ ദേവി വന്ന് നാക്കുചെത്തിക്കൊണ്ടുപോകും" 

അതൊടെ കുട്ടി ചിരി നിര്‍ത്തി. 

"ഇല്ല മോനെ. അമ്മ വെറുതെ പേടിപ്പിക്കുന്നതാണ്. അങ്ങനെങ്കില്‍ ദേവി ആദ്യം രഞ്ജിനി ഹരിദാസിന്റെ നാക്കു ചെത്തേണ്‍ടതല്ലായിരുന്നോ ? ആ സിനിമോളെ എപ്പോഴും പരസ്യമായി കളിയാക്കുന്നതിന്. 


(പോട്ടെ. ആ ഷോണ്‍* ഡെലോണാസിന്റെ നാക്കെങ്കിലും ചെത്തേണ്‍ടതല്ലായിരുന്നോ ?

* - ന്യൂയോര്‍ക് പോസ്റ്റിലെ ഹോമോഫോബിക് കാര്‍ട്ടൂണിസ്റ്റ്. ഹെതര്‍ മില്‍സിന്റെ അംഗവൈകല്യത്തെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ ശ്രദ്ധിക്കുക. പോയ വാരം അമേരിക്കന്‍ രാഷ്ട്രപതിയെ കുരങ്ങനായി ചിത്രീകരിച്ചിരിച്ചു കാര്‍ട്ടൂണ്‍ വരച്ച് വീണ്ടും കുപ്രസിദ്ധനായി)

2009, മാർച്ച് 17, ചൊവ്വാഴ്ച

മൃഗശാലയിലെ പുതിയ ജോലിക്കാരന്‍

"നീയറിഞ്ഞോടീ! നഗരാതിര്‍ത്തിയിലെ മൃഗശാലയില്‍ കൂടുകള്‍ കഴുകി വൃത്തിയാക്കാന്‍ വരുന്ന ചെറുപ്പക്കാരന് നന്നായി കമ്പ്യൂട്ടര്‍ അറിയാമത്രേ!"

"ഉവ്വോ?"

"ഉം. എന്തെങ്കിലും സഹായം വേണ്ടപ്പൊഴൊക്കെ അയാള്‍ കാര്യാലയത്തിനുള്ളില്‍ വന്ന് സോഫ്റ്റ് വെയറും ഹാര്‍ഡ് വെയറുമൊക്കെ നന്നാക്കിക്കൊടുക്കുമത്രേ! ഇവരൊക്കെയല്ലേ കുപ്പത്തൊട്ടിയിലെ മാണിക്യങ്ങള്‍ ?"

"ഉവ്വ! മാന്ദ്യത്തില്‍ പണി പോയ ഏതെങ്കിലും എച് വണ്‍ ബി ക്കാരനായിരിക്കും"


വൈക്കത്തപ്പനേ, ഇതെഴുതീന്ന് വച്ചെന്റെ പണി കളയിക്കല്ലേ. ഗാര്‍ബേജില്‍ കളയാന്‍ വച്ച ട്യൂണ സാന്‍ഡ് വിച്ച് തിന്നാന്‍ പോയാല്‍ പണി പോകുന്ന കാലമാണേ.

.

2009, മാർച്ച് 11, ബുധനാഴ്‌ച

എക്സ് എക്സ് വൈ

XX ക്രോമസോമുകളുടെയും XY ക്രോമസോമുകളുടെയും കൂടെക്കൂട്ടാന്‍ വയ്യാത്ത XXY ക്രോമസോമുകള്‍. സേം-സെക്സ്-ഒറിയന്റേഷനുള്ളവരെ തന്നെ അംഗീകരിക്കണമോ എന്ന് സമൂഹം തലപുകഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് ട്രാന്‍സ്ജെന്‍ഡറുകള്‍ പൊതുധാരയിലേക്ക് ഉന്തിത്തള്ളി കടന്നുവരുന്നത്. 

നമ്മുടെ സിനിമകളില്‍ ട്രാന്‍സെക്ഷ്വലുകളെ കഥാപാത്രങ്ങളാക്കാറു പതിവില്ല. അഥവാ ആക്കിയാല്‍ തന്നെ നൃത്തം ചെയ്ത് തമാശയാക്കാനോ ക്ലൈമാക്സിനു മുന്‍പേ കൊല്ലപ്പെടാനോ ആയിരിക്കും നിയോഗം. മലയാളത്തില്‍ ആകെ ഓര്‍മ്മ വരുന്നത് 'ചാന്തുപൊട്ട്' എന്ന സിനിമയാണ്. അതില്‍ തന്നെ കഥ മുഴുമിപ്പിക്കുമ്പൊഴേക്കും രാധാകൃഷ്ണന്‍ പുരുഷനായിത്തീരുകയാണ്.  

'അലക്സ്' ജനിച്ചത് ഇങ്ങനെ രണ്ടിലധികം ക്രോമസോമുകളുമായാണ്. കുട്ടിയായിരിക്കുമ്പോഴേ എളുപ്പത്തില്‍ ശസ്തക്രിയ ചെയ്ത് 'നേരെ'യാക്കാമായിരുന്നതാണ്. പക്ഷേ, ഈ തീരുമാനം അലക്സിനു വിട്ടുകൊടുക്കാനും അവള്‍/ന്‍ തനിയെ തീരുമാനെമെടുക്കാറാകുന്നതുവരെ കാത്തിരിക്കാനും അലക്സിന്റെ അഛനും അമ്മയും തയാറാകുന്നു. പതിനഞ്ചുവയസ്സായ അലക്സ് പുരുഷനാകണമോ സ്ത്രീയാകണമോ അതോ ആയിരിക്കുന്നതായി തന്നെ തുടരണമോ എന്ന് തീരുമാനിക്കുന്നതിന്റെ ബദ്ധപ്പാടുകളിലൂടെയും നീറ്റലിലൂടെയും എക്സ് എക്സ് വൈ എന്ന അര്‍ജന്റീനിയന്‍ സിനിമ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നു. 

(ട്രാന്‍സ്ജെന്‍ഡറുകളെപ്പറ്റി കൃഷ്ണതൃഷ്ണയുടെ വിശദമായ ലേഖനം)

ട്രാന്‍സ്ജെന്‍ഡര്‍ എന്നു കേള്‍ക്കുമ്പോഴേ, മുഖം ക്ഷൗരം ചെയ്ത ഉയരമുള്ള സ്ത്രീകളെയും ഇരുകൈത്തലങ്ങളും കൂട്ടിയടിച്ച് ഠപ് ശബ്ദമുണ്‍ടാക്കുന്ന വൃത്തിയില്ലാത്ത പുരുഷന്മാരെയും മാത്രം ഓര്‍മ്മ വരുന്നവര്‍ക്ക് : എക്സ് എക്സ് വൈ യുടെ ട്രെയ് ലര്‍ : (not appropriate for kids)

2009, മാർച്ച് 7, ശനിയാഴ്‌ച

തത്തപ്പച്ച നിറമുള്ള പഴുത്ത പേരയ്ക്കകള്‍

പത്നി പ്രെഗ്നന്റായിരുന്ന സമയം.

പ്രഭാതത്തില്‍ അവള്‍ വാളുവയ്ക്കുമ്പോള്‍ പുറം തടവിക്കൊണ്ട് ചെവിയില്‍ മന്ത്രിച്ചു :
"ഇറ്റ് ഈസ് ഓക്കെ ഹണീ, ഡോണ്ട് വറി, ഓക്കേ ?" 

വൊമിറ്റിംഗ് സെന്‍സേഷന്‍ തത്കാലം അവഗണിച്ച് അവള്‍ ചൂടായി : 
"ഇറ്റ് ഈസ് നോട്ട് ഓക്കെ. ! ഐ ആം വറീഡ്. ഓക്കേ ?"  

"മസാലദോശ വാങ്ങിക്കൊണ്ടുവരട്ടേ ?" 
"വേണ്ട"  

ഇന്‍ഡ്യന്‍ സ്റ്റോറില്‍ നിന്ന് പുളി വാങ്ങിത്തരട്ടേ?" 
"വേണ്ടെന്ന് പറഞ്ഞില്ലേ ?"  


ഒരു വാരാന്ത്യം പച്ചക്കറി വാങ്ങുന്നതിനിടയില്‍ അവള്‍ അത് കണ്ടുപിടിച്ചു ! 
ഒരു മൂലയ്ക്ക് കൂട്ടി വച്ചിരിക്കുന്ന തത്തപ്പച്ച നിറമുള്ള പഴുത്ത പേരയ്ക്കകള്‍ ! അഥവാ ഗുവാവ !  

അന്നും അതിന്റെ തൊട്ടടുത്ത വാരാന്ത്യത്തിലും തുടര്‍ന്ന് വരാനിരുന്ന എല്ലാ വാരാന്ത്യങ്ങളിലും രണ്ടു മുഴുത്ത പേരയ്ക്കകള്‍ വീതം മറക്കാതെ വാങ്ങാന്‍ കല്‍പന കിട്ടി. ഓരോ പേരക്കയ്ക്കും അഞ്ചു ഡോളറും ചില്ലറയും, അതിനൊത്ത ടാക്സും കൊടുത്താലെന്താ പത്നിയും ഹാപ്പി, പതിയും ഹാപ്പി. വിന്‍ വിന്‍.  

ഒരു വാരാന്ത്യത്തില്‍ പച്ചക്കറി പര്‍ച്ചേസിംഗിന് ശേഷം, വളരെ സാവധാനം നീങ്ങുന്ന ഒരു ക്യൂവില്‍ പെട്ടുപോയി. അതുവരെ കണ്ടിട്ടില്ലാത്ത ഒരു ഹിസ്പാനിക് യുവതിയാണ് സാധനം തൂക്കിനോക്കി പണം വാങ്ങാന്‍ നില്‍ക്കുന്നത്.  

പച്ചക്കറികള്‍ ഓരോന്നായി ബില്ലടിക്കുന്നതിനിടെ പേരയ്ക്കകളുടെ ഊഴമെത്തിയപ്പോള്‍ പെണ്‍കുട്ടിക്ക് ഒരു തേങ്ങല്‍. 

'ഇദെന്താണീ പച്ചഗോളം' എന്ന് എന്റെ നേരെ നോക്കുന്നു, വിലവിവരപ്പട്ടികയില്‍ കണ്ണുകൊണ്ട് ഉഴിയുന്നു, സീനിയേഴ്സ് ആരെങ്കിലും അടുത്തെവിടെയെങ്കിലും ഉണ്ടൊയെന്ന് എത്തിനോക്കുന്നു, ബില്ലടിക്കുന്ന രെജിസ്റ്റര്‍ ആഞ്ഞുപരിശോധിക്കുന്നു..

ഇത് പേരയ്ക്കയാണെന്ന് പാവം കുട്ടിക്ക് മനസിലായില്ല, അല്ലെങ്കില്‍ പേരയ്ക്കയുടെ പേര് കുട്ടിക്ക് അറിയില്ല !  

സൂപ്പര്‍വൈസറെ പേജ് ചെയ്യാനായി ഫോണിന് നേരെ പെണ്‍കുട്ടി കൈനീട്ടിയതും ഞാന്‍ ചാടിക്കയറി പറഞ്ഞു :

"ദിസ് ഈസ് അവൊക്കാഡോ"  

എനിക്കു നന്ദി പറഞ്ഞ് പെണ്‍കുട്ടി ബില്ലടിച്ചു.
അവൊക്കാഡോ x 2 = ഒരു ഡോളര്‍ എട്ടു സെന്റ്.  

പെട്ടെന്ന് എനിക്ക് വീണ്ടുവിചാരം വന്നു. "ഒരു മിനിറ്റു നില്‍ക്കണേ" എന്നു പറഞ്ഞ് ഞാന്‍ പേരയ്ക്കകള്‍ കൂട്ടിവച്ചിരിക്കുന്ന മൂലയെ ലക്ഷ്യമാക്കി പാഞ്ഞു; കുട്ടയില്‍ നിന്ന് മൂന്നു മുഴുത്ത പേരയ്ക്കകള്‍ കൂടി കൈവശമാക്കി തിരികെ വന്നു.  

തുടര്‍ന്ന് വന്ന എല്ലാ വാരാന്ത്യങ്ങളിലും എന്റെ പത്നി നിറവയര്‍ നിറയെ തത്തപ്പച്ച നിറമുള്ള പഴുത്ത പേരയ്ക്കകള്‍ തിന്നു കൊതിയും മതിയും തീര്‍ത്തു; പ്രസവശേഷവും. 

അവൊക്കാഡോയ്ക്ക് സ്തുതി.