ഒരു വേനല്‍ വാരാന്ത്യം
ബീവിയ്ക്കൊരു ബ്രേയ്ക്കാവട്ടേന്നു കരുതി ഊണിനുശേഷം കുട്ടിയെയും കൂട്ടി കറങ്ങാനിറങ്ങി.
ധാരാളം കിലോമീറ്ററുകള്‍ താണ്ടിയ ശേഷം വിശപ്പും ദാഹവും മടുപ്പും മൂലം നഗരാതിര്‍ത്തിയിലൊരു ഭോജനശാലയുടെ മുന്നിലെത്തിയപ്പോള്‍ കുട്ടി മുന്നോട്ടു നീങ്ങാന്‍ കൂട്ടാക്കുന്നില്ല.
'ആ എക്സ്ക്യൂസ് ആയല്ലോ' എന്ന സന്തോഷത്തില്‍ ഞാന്‍ കുട്ടിയെയുമായി ഉള്ളില്‍ കയറി.
പരിചാരിക വന്നു. ഉപചാരം ചൊല്ലി.
മെനുവില്‍ ആദ്യം കണ്ട ഭക്ഷണത്തിനും നാരങ്ങാവെള്ളത്തിനും ആജ്ഞ കൊടുത്തു.
കല്‍പന എഴുതിയെടുക്കേണ്ട താമസം, പരിചാരിക മെനുവും കൈയില്‍ എടുത്ത് ഓടി. ദുഷ്ട. ഇനി എന്തെങ്കിലും വേണമെങ്കില്‍ എവിടെ നോക്കി ആജ്ഞ കൊടുക്കും ?
ഭക്ഷണം വന്നത് കഴിച്ചുകൊണ്ടിരിക്കെ പരിചാരിക വന്ന് എന്റെ പുറത്തുതട്ടി ചോദിച്ചു : "എങ്ങനെയുണ്ട് വിഭവങ്ങള്‍ ?"
"നന്നായിട്ടുണ്ട്"
പിന്നെയും കഴിപ്പിനിടയില്‍ ഒരു തവണ കൂടി വന്ന് വീണ്ടും പുറത്തുതട്ടി ചോദ്യം : "എവരിതിംഗ് ഓക്കേ ?"
"തെറ്റില്ല. ഇടയ്ക്ക് വന്നുള്ള ഈ കുശലം ചോദ്യമേ ഒരു ഉപദ്രവമുള്ളൂ"
പരിചാരിക പോയ ഉടനെ കുട്ടി എന്നെ വിളിച്ചു :
"അച്ഛാ, ആ ചേച്ചി എന്തിനാ അച്ഛന്റെ ദേഹത്ത് തൊട്ടത്?"
ഉത്തരം ആലോചിച്ചുകൊണ്ടിരിക്കെ അവന്‍ തന്നെ ഉറക്കെ ആത്മഗതം ചെയ്തു : "നല്ല അടി കിട്ടാഞ്ഞിട്ടാ"