ചേഞ്ച്-ലിംഗ്
"never start a fight, always finish it" : Christine Collins (to her son)
എപ്പൊഴാണ് ഒരു ചലച്ചിത്രം കണ്ടിരിക്കുന്നയാളുടെ ചിന്തയില്‍ ഭീതി നിറഞ്ഞ ആകാംക്ഷ ഉണ്‍ടാക്കുന്നത് ? എന്തുകൊണ്ടാണ് ഒരു ചലച്ചിത്രം കണ്ടിരിക്കുന്നത് പകുതിക്കു വച്ച് നിര്‍ത്തിയിട്ട് അതിനെപ്പറ്റി കൂടുതല്‍ ഗൂഗിള്‍ തപ്പി അറിയണമെന്ന് തോന്നിപ്പിക്കുന്നത് ? കേവലം മൂന്ന് ഓസ്കര്‍ നോമിനേഷനുകള്‍, അതിലൊന്നുപോലും നേടാനായുമില്ല. ലോകത്തിലെ ഏറ്റവും വിലയേറിയ വനിതാ സെലിബ്രിറ്റി വെറും ദുര്‍ബലയും അശരണയുമായ, നഷ്ടപ്പെട്ട മകനെ കണ്ടെത്താനാവാത്ത ഒരമ്മയായി ഗ്ലാമറൊട്ടുമില്ലാതെ പ്രത്യക്ഷപ്പെടുന്നു. പതിവിനു വിപരീതമായി 140 മിനുട്ടുകള്‍ നീണ്‍ട ഒരു ചിത്രം ആകാംക്ഷ സഹിക്കാനാവാതെ ഒറ്റയിരുപ്പില്‍ കണ്ടുതീര്‍ക്കേണ്ടി വരിക ! തീര്‍ച്ചയായും അതൊരു നല്ല ചിത്രമാണെന്നു നിശ്ചയം.
ആയിരത്തി തൊള്ളായിരത്തി ഇരുപതുകളിലെ ലോസ് ആഞ്ചലസ്. കരിയര്‍ ഓറിയന്റഡ് ആയ ഒരു സിംഗിള്‍ മദര്‍. അവരുടെ ഒന്‍പതു വയസ്സുള്ള മകന്‍. ഒരു ദിവസം അമ്മ ജോലി കഴിഞ്ഞുവരുമ്പോള്‍ അവരുടെ മകനെ കാണാതാവുന്നു. അനാസ്ഥയുടെയും അഴിമതിയുടെയും പ്രത്യക്ഷോദാഹരണമായ ഒരു പോലീസ് ഡിപ്പാര്‍ട്മെന്റും അതിന്റെ തലവനും ഇരുപത്തിനാലുമണിക്കൂറിനു ശേഷം അന്വേഷണമാരംഭിക്കുനു.
ദിവസങ്ങള്‍ക്കു ശേഷം ഒരു ഒന്‍പതുവയസ്സുകാരനെ ക്രിസ്റ്റീന്‍ കോളിന്‍സ് എന്ന അമ്മയുടെ മുന്നില്‍ വീണ്ടെടുത്ത മകനായി പോലീസ് ഡിപ്പാര്‍ട്മെന്റ് അവതരിപ്പിക്കുന്നു. വ്യക്തമായ ശാരീരിക-വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ "ഈ ഒന്‍പതുവയസ്സുകാരന്‍ എന്റെ മകനല്ല" എന്ന് മിസ്സിസ് കോളിന്‍സ് തറപ്പിച്ചു പറയുന്നു. പക്ഷേ, പുരുഷന്മാര്‍ നയിക്കുന്ന ഒരു കഴിവുകെട്ട പോലീസ് സംവിധാനത്തെ ഉദ്യോഗസ്ഥയായ ഒരു സ്ത്രീ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവാത്ത പോലീസ് തലവന്‍, മിസ്സിസ് കോളിന്‍സിന്റെ ബുദ്ധിക്ക് അസ്ഥിരത ആരോപിച്ച് മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്ക്കായി നിര്‍ബന്ധപൂര്‍വ്വം അയയ്ക്കുന്നു.
അവിടെ നിന്ന് വിരലിലെണ്ണാവുന്ന ചില മനുഷ്യസ്നേഹികളുടെ സഹായത്തൊടെ മിസ്സിസ് കോളിന്‍സ് പുറത്തുവരുന്നതും സ്ത്രീയെയും ന്യൂനപക്ഷങ്ങളെയും രണ്‍ടാംകിട പൗരന്മാരായി കണ്ടിരുന്ന സാമൂഹ്യനേതൃത്വത്തിനെതിരെ വിജയകരമായ നിയമയുദ്ധം നടത്തി വളരെ പ്രചോദനാത്മകമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നതുമാണ് 'ചാഞ്ചലിംഗ്' (2008)-ന്റെ ഇതിവൃത്തം. ഒരു സീരിയല്‍ കില്ലര്‍ തട്ടിക്കൊണ്ടുപോകുന്ന അവരുടെ മകന് എന്തു സംഭവിക്കുന്നു എന്നത് ചിത്രത്തിലുടനീളം പ്രേക്ഷകനെ വേട്ടയാടുന്നു.
ആഞ്ചലീനാ ജോളി വളരെ സ്വാഭാവികമായി മിസ്സിസ് കോളിന്‍സിനെ അവതരിപ്പിച്ചെങ്കിലും അഭിനേത്രിയുടെ മികവില്‍ ആശ്രയിക്കേണ്ടാത്തത്ര ശക്തമായ ഇതിവൃത്തവും തിരക്കഥയും എഡിറ്റിംഗുമാണ് ചിത്രത്തിലുള്ളത്.
യഥാര്‍ത്ഥ സംഭവത്തിലെ ചില വസ്തുതകള്‍, ചിത്രത്തിന്റെ ഫെമിനിസ്റ്റ് തീമിലേയ്ക്കുള്ള ഫോക്കസ് മാറാതിരിക്കുവാന്‍ വേണ്ടി ഒഴിവാക്കിയതു ഖേദകരമായി എന്നത് പരാമര്‍ശിക്കാതിരിക്കാനാവില്ല. ഇത്ര വലിയ ബഡ്ജറ്റിലുള്ള ഒരു ചിത്രത്തിന്റെ കലാസംവിധാനമികവും ഇരുപതുകളിലെ ലോസ് ആഞ്ചലസ് നഗരത്തെയും വസ്ത്രധാരണത്തെയും ജീവിതരീതിയെയും പുനര്‍സൃഷ്ടിച്ചതും പ്രശംസനീയമെങ്കിലും പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ല.
നിസ്സാരം, ഒരു മൃഗശാലയില്‍ വച്ച് ഒരു മെക്സിക്കന്‍ കുട്ടിയെ കാണാതെ പോയതുമുതല്‍ തിരികെ കിട്ടുന്നതുവരെയുള്ള അരമണിക്കൂര്‍ നേരത്തിനു ഉള്ളുരുകി സാക്ഷ്യം വഹിക്കേണ്ടി വന്നതുമുതല്‍ കാണാതാകന്ന കുട്ടികളെകളെപ്പറ്റിയുള്ള ഏതു വാര്‍ത്തകളും ഹൃദയഭേദകമാണ്. അതിന്റെ എരിതീയിലേയ്ക്ക് അധികാരികളുടെ വക അനാസ്ഥയുടെയും ഉത്തരവാദിത്വരാഹിത്യത്തിന്റെയും എണ്ണയൊഴിക്കുന്നതു കൂടിയാകുമ്പോള്‍ ഏതൊരമ്മയും അഛനും എങ്ങനെ സഹിക്കും ?