2009 ഏപ്രിൽ 26, ഞായറാഴ്‌ച

മുക്കര്‍ പ്രൈസ്

ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകളൊക്കെ ഓടിക്കുന്നത് ഏതു സോഫ്റ്റ് വെയറിലായിരിക്കുമെന്ന് ചിന്തിച്ചപ്പോള്‍ ഓര്‍മ്മ വന്നത് :  

എഴുതിയെഴുതി ബുക്കര്‍ പ്രൈസ് വാങ്ങണമെന്ന് ആഗ്രഹിച്ചുവെങ്കിലും 'നമ്മളൊക്കെ മുക്കിയാല്‍ മുക്കര്‍ പ്രൈസ് പോലും കിട്ടില്ലാ'ന്ന് തിരിച്ചറിഞ്ഞ എന്നെപ്പോലെ, വലിയൊരു എഴുത്തുകാരനാകണമെന്ന് ചെറുപ്പം മുതലേ അതിയായി ആശിച്ച മറ്റൊരാള്‍ ഉണ്‍ടായിരുന്നു.

സ്കൂളില്‍ വച്ച് ക്ലാസ് ടീച്ചര്‍ അയാളോട് ചോദിച്ചു :

"വലിയൊരു എഴുത്തുകാരന്‍ എന്നാല്‍ എന്താണ് കുട്ടി ഉദ്ദേശിക്കുന്നത് ?"  

അയാള്‍ പറഞ്ഞു : 

"ഞാനെഴുതുന്നത് ലോകം മുഴുവന്‍ വായിക്കണം. വായിച്ചവരൊക്കെ ആവേശഭരിതരാകണം. വികാരം മൂത്ത്, ദുഖിക്കുകയും കരയുകയും ദേഷ്യം കൊണ്ട് പൊട്ടിത്തെറിക്കുകയും അരിശപ്പെട്ട് അലറുകയും വേണം"

ആ കുട്ടിയുടെ ആഗ്രഹം സാധിച്ചു. അയാള്‍ ഇന്ന് മൈക്രോസോഫ്റ്റില്‍ 'എറര്‍ മെസ്സേജ്' എഴുതുന്നു. അവിടെ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നതില്‍ വിരലിലെണ്ണാവുന്ന ഒരാള്‍.


അതെന്തുമാകട്ടെ : മെക്സിക്കോയിലും ക്യാനഡായിലും അമേരിക്കന്‍ ഐക്യനാടുകളിലും സ്വൈന്‍ ഫ്ലൂ (പന്നിപ്പനി) പടരുന്നുവെന്ന് വാര്‍ത്ത. എന്താണീ പന്നിപ്പനിയുടെ ലക്ഷണങ്ങള്‍ എന്നോ, എന്തൊക്കെ മുങ്കരുതലുകള്‍ എടുക്കണമെന്നോ ഒരു വാര്‍ത്തയിലും പറയുന്നില്ല.

ഗൂഗിള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തീ.. വിക്കിക്കുറിമുണ്ടു ചുറ്റീ.. നടക്കുന്ന നമ്മുടടുത്താണു കളി ! ദാ കിടക്കുന്നു ലിങ്ക്. സംഗതി സാധാരണ ഇന്‍ഫ്ലുവന്‍സ പോലെ തന്നെയാണെന്നു തോന്നുന്നു. വാക്സിനൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലായെന്നുമാത്രം. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടല്ലോ.

2009 ഏപ്രിൽ 20, തിങ്കളാഴ്‌ച

നിങ്ങളെന്നെ ലെസ്ബിയനാക്കി

സഹപ്രവര്‍ത്തകയും certifiably ബ്യൂട്ടിഫുളും ആയ ഒരു ബള്‍ഗേറിയന്‍ യുവതി കുറേക്കാലമായി ബോയ്ഫ്രണ്ട്സില്ലാതെ ജീവിക്കുകയാണ്. കാരണം തിരക്കിയപ്പോള്‍, ഏറ്റവും ഒടുവിലത്തെ (അഥവാ നാലാമത്തെ) 'ബോയ്ഫ്രണ്ടിനെ അവന്റെ വീട്ടില്‍ വച്ച് മറ്റൊരു പെണ്‍കുട്ടിയ്ക്കൊപ്പം പിടികൂടിയതുകൊണ്‍ടാണ്' എന്ന് മറുപടി കിട്ടി.

"ബോയ്ഫ്രണ്‍ട്സിനെ പലകാരണങ്ങളാല്‍ മടുത്തതുകൊണ്ട് ഇനി ഗേള്‍ഫ്രണ്ട്സിനെ മാത്രം മതിയെന്നു തീരുമാനിച്ചു" എന്നു ഉച്ചത്തിലൊരു ആത്മഗതവും. 

അത്രവരെ പോയില്ലെങ്കിലും പുരുഷനെ ഉടമയായി കാണാന്‍ തയാറല്ലാത്ത യുവതികള്‍ പുരുഷന്മാരെ ഒഴിവാക്കുന്നതിനുള്ള പല കാരണങ്ങള്‍ :

അ) സ്ത്രീകള്‍ മാത്രമായാല്‍ എവിടെയെങ്കിലും പോകുന്നതിനിടെ വഴി തെറ്റിയാല്‍ വണ്ടി നിര്‍ത്തി വഴി ചോദിക്കാന്‍ മടിക്കില്ല  

ആ) ഭാര്യ കരയുന്നതിനെ 'വാട്ടര്‍ വര്‍ക്സ്' എന്നും സ്ത്രീകള്‍ സങ്കടം പറയുന്നതിനെ 'പിറ്റി പാര്‍ട്ടി' എന്നും ഇരട്ടപ്പേരു കണ്ടുപിടിക്കുന്നത് കേള്‍ക്കേണ്ട  

ഇ) കല്യാണം കഴിഞ്ഞ് പത്തുവര്‍ഷത്തിനുള്ളില്‍ ചായക്കപ്പും സോസറും വയ്ക്കാന്‍ ടീപോയ്ക്ക് പകരം ഭര്‍ത്താവിന്റെ ടമ്മിയുടെ മുകള്വശം തന്നെ മതിയാകുന്നതു കാണേണ്ടി വരില്ല. 

ഈ) വര്‍ഷത്തിലൊരിക്കലുള്ള ഫിസിക്കല്‍ എക്സാം നടത്താന്‍ നിര്‍ബന്ധിക്കെണ്ട  

ഉ) 'ആക്ഷന്‍ കോമഡി' എന്ന ലേബലില്‍ ഇറങ്ങുന്ന പൊട്ടസിനിമകള്‍ കാണാന്‍ കമ്പനി കൊടുക്കേണ്ട. "ഹണീ, ഇറ്റീസ് ഫണ്ണി" എന്ന് ഭര്‍ത്താവ് ഓര്‍മ്മിപ്പിക്കുമ്പോഴൊക്കെ ചിരിക്കുകയും വേണ്ട  

ഊ) 'പ്രിന്‍സസ് ഡയറി'യോ 'ഫിഫ്റ്റി ഫസ്റ്റ് ഡേറ്റ്സോ' കാണാന്‍ കൊണ്ടുപോയാല്‍ തീയേറ്ററിലിരുന്നുറങ്ങില്ല  

എ) ഭാര്യ കാറോടിക്കുമ്പോഴൊക്കെ വലതുവശത്തിരുന്ന് പാസ്സഞ്ചര്‍ ബ്രേക്ക്(*) ചവിട്ടില്ല
(*) : imaginary brake on rider's mind  

ഏ) പുതുതായി ബാംഗ്ലൂരിലെത്തുമ്പോള്‍ കന്നഡ ഒരു വാചകം തികച്ച് അറിയില്ലെങ്കിലും കന്നഡയിലുള്ള ചീത്തകള്‍ പലതും ഉച്ചാരണപ്പിശകില്ലാതെ കാണാപാഠമാകുന്നത് കാണേണ്ട  

ഐ) fair but hairy എന്ന് പങ്കാളിയെപ്പറ്റി കുണ്ഠിതപ്പെടേണ്ടി വരില്ല  

ഒ) a mistake is not a mistake until it is caught - എന്ന attitude സഹിക്കേണ്ടി വരില്ല.  

ഓ) ടോയിലെറ്റ് സീറ്റ് ഉയര്‍ത്തിവക്കുന്നതിനു നിര്‍ബന്ധിക്കേണ്ട  

ഔ) "ചോദ്യച്ചിഹ്നം പോലെ ഷര്‍ട്ട് ഹാംഗര്‍ കൊളുത്തുകള്‍" എന്നു തുടങ്ങുന്ന കവിത സഹിക്കേണ്ടി വരില്ല.

അം) ബള്‍ഗേറിയയിലൊക്കെ നഖംകടി നിര്‍ത്താന്‍ കൈയില്‍ മുളകരച്ചു തേയ്ക്കുന്ന പതിവുണ്ടത്രേ. നഖംകടിക്കാരായ ഇന്ത്യന്‍ പുരുഷന്മാരുടെ അടുത്ത് അതും ചിലവാകില്ല. ക്രഷ്ഡ് പെപ്പര്‍ സാഷെകള്‍ പൊട്ടിച്ചു പിസ്സയുടെ മുകളില്‍ തൂവിയിരിക്കുന്നതുകണ്ടാല്‍ ചുവന്നമുളക് വെയിലത്ത് ഉണക്കാനിട്ടിരിക്കുന്നെന്നേ തോന്നൂ.  

അ:) രാത്രി വൈകി വരുന്നതുകൊണ്ട് മക്കളെ വെര്‍ട്ടിക്കല്‍ പൊസിഷനില്‍ (ഉണര്‍ന്നിരിക്കുന്ന അവസ്ഥയില്‍) കാണാറില്ലാത്ത അച്ഛന്‍, നിവൃത്തികേടുകൊണ്ടെങ്ങാനും സ്കൂളില്‍ മക്കളെ പിക്ക് ചെയ്യാന്‍ ചെന്നാല്‍ ആളെ മനസ്സിലാവാതെ മക്കള്‍ ക്ലാസ്സില്‍ നിന്ന് ഇറങ്ങിവരാന്‍ മടിക്കുകയും അപരിചിതനാണെന്നു കരുതി ക്ലാസ് ടീച്ചര്‍മാര്‍ 911 വിളിക്കുകയും ചെയ്യില്ല.  

(ഓഫീസ് സംബന്ധമായി ധാരാളം യാത്ര ചെയ്യുമായിരുന്ന ഒരു കഷണ്ടിക്കാരന്‍ സഹപ്രവര്‍ത്തകന്റെ വീട്. അഛന്റെയും അമ്മയുടെയും പണ്ടത്തെ വിവാഹഫോട്ടോ കാണാന്‍ ഇടയായ മകള്‍ അമ്മയോടു ചോദിച്ചു :

"ഇതാരാണമ്മേ ഈ ഫോട്ടോയില്‍ അമ്മയുടെ കൂടെ നില്‍ക്കുന്ന സുന്ദരന്‍ ? 

അമ്മ പറഞ്ഞു : അത് അഛനാണു മോളെ" 

മകള്‍ക്ക് പുതിയൊരു സംശയം : "അപ്പോള്‍ പിന്നെ വല്ലപ്പോഴും രാത്രിയില്‍ കയറിവന്ന് വെളുപ്പിനെ ടൈ കെട്ടി ഇറങ്ങിപ്പോകുന്ന ആ കഷണ്ടിത്തലയന്‍ ആരാണമ്മേ?")


*************

അധിക പ്രേരണ - 'ദി വുമണ്‍' (2008) എന്നൊരു റീമേക്ക് സിനിമ. പൊതുവെ 'കോമഡി' എന്നൊരു ലേബലടിച്ചുകൊടുത്താല്‍ (റൊമാന്റിക് കോമഡി, ആക്ഷന്‍ കോമഡി, ..) ഏതുസിനിമയും ചിലവാകുന്ന ഹോളിവുഡില്‍ മോശമല്ലാത്തതായിട്ടും ഈ സിനിമ എങ്ങനെ വിവാദമായെന്നു കാണാന്‍ imdb - യിലെ ചര്‍ച്ചകള്‍ കാണുക.  


********  

അച്ഛന്‍ - "എടാ, നിന്നോട് ഈ ഓറഞ്ച് ജ്യൂസ് കുടിക്കാന്‍ പറഞ്ഞിട്ടെത്ര നേരമായി ? മൂത്രം വെള്ളയാകണ്ടേ! വേഗം ഒറ്റവലിക്ക് ഫിനിഷ് ചെയ്യ്"

നാലുവയസ്സുകാരന്‍ മകന്‍ - "അല്ല അച്ഛാ. ഓറഞ്ച് ജ്യൂസ് കുടിച്ചാല്‍ മൂത്രം വെള്ളയാകില്ല, മഞ്ഞയല്ലേ ആകുള്ളൂ"

2009 ഏപ്രിൽ 14, ചൊവ്വാഴ്ച

വഴക്കുകള്‍ ആരംഭിക്കരുത്, അവസാനിപ്പിക്കാന്‍ മടിക്കുകയുമരുത്

ചേഞ്ച്-ലിംഗ്  

"never start a fight, always finish it" : Christine Collins (to her son)




എപ്പൊഴാണ് ഒരു ചലച്ചിത്രം കണ്ടിരിക്കുന്നയാളുടെ ചിന്തയില്‍ ഭീതി നിറഞ്ഞ ആകാംക്ഷ ഉണ്‍ടാക്കുന്നത് ? എന്തുകൊണ്ടാണ് ഒരു ചലച്ചിത്രം കണ്ടിരിക്കുന്നത് പകുതിക്കു വച്ച് നിര്‍ത്തിയിട്ട് അതിനെപ്പറ്റി കൂടുതല്‍ ഗൂഗിള്‍ തപ്പി അറിയണമെന്ന് തോന്നിപ്പിക്കുന്നത് ? കേവലം മൂന്ന് ഓസ്കര്‍ നോമിനേഷനുകള്‍, അതിലൊന്നുപോലും നേടാനായുമില്ല. ലോകത്തിലെ ഏറ്റവും വിലയേറിയ വനിതാ സെലിബ്രിറ്റി വെറും ദുര്‍ബലയും അശരണയുമായ, നഷ്ടപ്പെട്ട മകനെ കണ്ടെത്താനാവാത്ത ഒരമ്മയായി ഗ്ലാമറൊട്ടുമില്ലാതെ പ്രത്യക്ഷപ്പെടുന്നു. പതിവിനു വിപരീതമായി 140 മിനുട്ടുകള്‍ നീണ്‍ട ഒരു ചിത്രം ആകാംക്ഷ സഹിക്കാനാവാതെ ഒറ്റയിരുപ്പില്‍ കണ്ടുതീര്‍ക്കേണ്ടി വരിക ! തീര്‍ച്ചയായും അതൊരു നല്ല ചിത്രമാണെന്നു നിശ്ചയം. 

ആയിരത്തി തൊള്ളായിരത്തി ഇരുപതുകളിലെ ലോസ് ആഞ്ചലസ്. കരിയര്‍ ഓറിയന്റഡ് ആയ ഒരു സിംഗിള്‍ മദര്‍. അവരുടെ ഒന്‍പതു വയസ്സുള്ള മകന്‍. ഒരു ദിവസം അമ്മ ജോലി കഴിഞ്ഞുവരുമ്പോള്‍ അവരുടെ മകനെ കാണാതാവുന്നു. അനാസ്ഥയുടെയും അഴിമതിയുടെയും പ്രത്യക്ഷോദാഹരണമായ ഒരു പോലീസ് ഡിപ്പാര്‍ട്മെന്റും അതിന്റെ തലവനും ഇരുപത്തിനാലുമണിക്കൂറിനു ശേഷം അന്വേഷണമാരംഭിക്കുനു. 

ദിവസങ്ങള്‍ക്കു ശേഷം ഒരു ഒന്‍പതുവയസ്സുകാരനെ ക്രിസ്റ്റീന്‍ കോളിന്‍സ് എന്ന അമ്മയുടെ മുന്നില്‍ വീണ്ടെടുത്ത മകനായി പോലീസ് ഡിപ്പാര്‍ട്മെന്റ് അവതരിപ്പിക്കുന്നു. വ്യക്തമായ ശാരീരിക-വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ "ഈ ഒന്‍പതുവയസ്സുകാരന്‍ എന്റെ മകനല്ല" എന്ന് മിസ്സിസ് കോളിന്‍സ് തറപ്പിച്ചു പറയുന്നു. പക്ഷേ, പുരുഷന്മാര്‍ നയിക്കുന്ന ഒരു കഴിവുകെട്ട പോലീസ് സംവിധാനത്തെ ഉദ്യോഗസ്ഥയായ ഒരു സ്ത്രീ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവാത്ത പോലീസ് തലവന്‍, മിസ്സിസ് കോളിന്‍സിന്റെ ബുദ്ധിക്ക് അസ്ഥിരത ആരോപിച്ച് മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്ക്കായി നിര്‍ബന്ധപൂര്‍വ്വം അയയ്ക്കുന്നു.

അവിടെ നിന്ന് വിരലിലെണ്ണാവുന്ന ചില മനുഷ്യസ്നേഹികളുടെ സഹായത്തൊടെ മിസ്സിസ് കോളിന്‍സ് പുറത്തുവരുന്നതും സ്ത്രീയെയും ന്യൂനപക്ഷങ്ങളെയും രണ്‍ടാംകിട പൗരന്മാരായി കണ്ടിരുന്ന സാമൂഹ്യനേതൃത്വത്തിനെതിരെ വിജയകരമായ നിയമയുദ്ധം നടത്തി വളരെ പ്രചോദനാത്മകമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നതുമാണ് 'ചാഞ്ചലിംഗ്' (2008)-ന്റെ ഇതിവൃത്തം. ഒരു സീരിയല്‍ കില്ലര്‍ തട്ടിക്കൊണ്ടുപോകുന്ന അവരുടെ മകന് എന്തു സംഭവിക്കുന്നു എന്നത് ചിത്രത്തിലുടനീളം പ്രേക്ഷകനെ വേട്ടയാടുന്നു.

ആഞ്ചലീനാ ജോളി വളരെ സ്വാഭാവികമായി മിസ്സിസ് കോളിന്‍സിനെ അവതരിപ്പിച്ചെങ്കിലും അഭിനേത്രിയുടെ മികവില്‍ ആശ്രയിക്കേണ്ടാത്തത്ര ശക്തമായ ഇതിവൃത്തവും തിരക്കഥയും എഡിറ്റിംഗുമാണ് ചിത്രത്തിലുള്ളത്. 

യഥാര്‍ത്ഥ സംഭവത്തിലെ ചില വസ്തുതകള്‍, ചിത്രത്തിന്റെ ഫെമിനിസ്റ്റ് തീമിലേയ്ക്കുള്ള ഫോക്കസ് മാറാതിരിക്കുവാന്‍ വേണ്ടി ഒഴിവാക്കിയതു ഖേദകരമായി എന്നത് പരാമര്‍ശിക്കാതിരിക്കാനാവില്ല. ഇത്ര വലിയ ബഡ്ജറ്റിലുള്ള ഒരു ചിത്രത്തിന്റെ കലാസംവിധാനമികവും ഇരുപതുകളിലെ ലോസ് ആഞ്ചലസ് നഗരത്തെയും വസ്ത്രധാരണത്തെയും ജീവിതരീതിയെയും പുനര്‍സൃഷ്ടിച്ചതും പ്രശംസനീയമെങ്കിലും പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ല. 

നിസ്സാരം, ഒരു മൃഗശാലയില്‍ വച്ച് ഒരു മെക്സിക്കന്‍ കുട്ടിയെ കാണാതെ പോയതുമുതല്‍ തിരികെ കിട്ടുന്നതുവരെയുള്ള അരമണിക്കൂര്‍ നേരത്തിനു ഉള്ളുരുകി സാക്ഷ്യം വഹിക്കേണ്ടി വന്നതുമുതല്‍ കാണാതാകന്ന കുട്ടികളെകളെപ്പറ്റിയുള്ള ഏതു വാര്‍ത്തകളും ഹൃദയഭേദകമാണ്. അതിന്റെ എരിതീയിലേയ്ക്ക് അധികാരികളുടെ വക അനാസ്ഥയുടെയും ഉത്തരവാദിത്വരാഹിത്യത്തിന്റെയും എണ്ണയൊഴിക്കുന്നതു കൂടിയാകുമ്പോള്‍ ഏതൊരമ്മയും അഛനും എങ്ങനെ സഹിക്കും ?

2009 മാർച്ച് 31, ചൊവ്വാഴ്ച

ചൈല്‍ഡ് സപ്പോര്‍ട്ട്

രാത്രി കട അടയ്ക്കാറായപ്പോള്‍ ലിക്കര്‍ ഷോപ്പിലേയ്ക്ക് ഒരു കസ്റ്റമര്‍ കയറിവന്നു. അദ്ദേഹം നടന്നുവന്നവഴിയേ തന്നെ ഇന്ത്യാക്കാരനായ കാഷ്യര്‍ക്ക് മില്ലര്‍ ലൈറ്റിന്റെ മണം അടിച്ചു. ഇരിക്കുന്ന കുപ്പികളെല്ലാം കണ്ണുകൊണ്ട് ഉഴിഞ്ഞിട്ടും ഏതെടുക്കണമെന്ന് കസ്റ്റമര്‍ക്ക് ശങ്ക തീരുന്നില്ല.  

"സാര്‍, ഒന്നു വേഗം എടുക്കുമോ, പ്ലീസ്. കടയടയ്ക്കാറായി"  

കസ്റ്റമര്‍ക്ക് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല : "you need to wait for me, okay ? You should realize that I am paying for your kid's tuition fees !"  

കാഷ്യറും വിട്ടില്ല : "Then the beer prices are going up from tonight"  

കസ്റ്റമര്‍ : "really ? why is that so?"  

കാഷ്യര്‍ : "because now I want to send my kids to Harvard"  




മറ്റൊരു വേനല്‍ വാരാന്ത്യത്തില്‍ അമ്മയെ വിശ്രമിക്കാന്‍ വിട്ടിട്ട് അച്ഛന്‍ മകനെ നഗരം കാട്ടാന്‍ കൊണ്ടുപോയി. വിശക്കുന്നതിനു മുന്നേതന്നെ ഹാപ്പിമീല്‍ വാങ്ങിക്കൊടുത്തു.
"മോന് Sundae ഐസ്ക്രീം വാങ്ങിത്തരട്ടേ?"
"വേണ്ട. ഇന്നു സാറ്റര്‍ഡേയല്ലേ. ഇന്നുതന്നെ വാങ്ങണം"

തിരികെ വീട്ടിലേയ്ക്ക് പോകും വഴി അച്ഛന്‍ ചോദിച്ചു :
"മോനേ, who is the best?" 
"അച്ഛാ, I am the best"

.

2009 മാർച്ച് 25, ബുധനാഴ്‌ച

യൂറോപ്പില്‍ കുട്ടികളെ പീഡിപ്പിക്കുന്നവരെ castrate ചെയ്യാന്‍ ആലോചിക്കുന്നു

ശീതീകരിച്ച സമ്മേളനമുറി. ദീര്‍ഘചതുരമേശ. ആത്മവീര്യവര്‍ദ്ധിനികസേരകള്‍. പ്രൊജക്ടര്‍. പവര്‍പോയിന്റ്. ധാതുജലം.

ഗ്രാന്‍ഡ്-ബോസ്സ്(*) പാരഡൈം ഷിഫ്റ്റിനെപ്പറ്റി വച്ചലക്കിക്കൊണ്ടിരിക്കുന്നു. വന്ദ്യവയോധികന്‍. ഇറുക്കിക്കെട്ടിയ ടൈയ്ക്കു മുകളിലൂടെ കഴുത്തിലെ മാംസം തുളുമ്പിയിറങ്ങുന്നു. ഓഷ്യന്‍സ് 11 ല്‍ ഹൃദയാഘാതം അഭിനയിക്കുന്ന കാള്‍ റെയ്നറെപ്പോലിരിക്കും.

കൃത്യം പതിനഞ്ചാമത്തെ മിനിട്ടില്‍ ബോറടിച്ചുതുടങ്ങി. ഇടതുവശത്തും വലതുവശത്തും ഇരിക്കുന്നത് അതിസുന്ദരിമാരായ ഓരോ ബ്രിട്ടീഷ് & ബനാനാ റിപബ്ലിക്ക് യുവതിമാരാണ്. പക്ഷെ, ഉറക്കം വന്നിട്ട് ഒരുപണിയുമില്ല. ഈര്‍ക്കിലി കുത്തിവച്ചാല്‍ കണ്ണു തുറന്നിരിക്കില്ല.

നാലുതവണ കണ്ണടഞ്ഞുപോയത് വരെ എണ്ണി. പിന്നെ മടിച്ചില്ല; നാണം വിചാരിക്കാതെ ഇരുന്നയിരുപ്പില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു നാപ്പെടുത്തു. നിര്‍വൃതിയോടെ കണ്ണു ചിമ്മിത്തുറക്കുമ്പോള്‍ യോഗം പിരിച്ചുവിടാറായി. സമ്മേളനത്തിന്റെ ഫീഡ്ബാക്ക് എഴുതാനുള്ള കടലാസ് പല കൈമറിഞ്ഞു മുന്നില്‍ വന്നു. ക്ഷീണിച്ചവശനായി തൊട്ടെതിര്‍ വശത്ത് പരിശീലകനും വന്നിരുന്നു.  

എല്ലാവരും കുനിഞ്ഞിരുന്ന് ഫീഡ്ബാക്ക് എഴുതാന്‍ തുടങ്ങി. "പരിശീലനം ബിലോ ആവറേജ്" എന്ന് ഫീഡ്ബാക്ക് എഴുതിക്കൊണ്ടിരുന്നത് നേരെ മുന്നിലിരുന്ന പരിശീലകന്‍ കണ്ടോ എന്ന് ഒളിഞ്ഞുനോക്കുമ്പോ......

ആണ്ടടാ ! പരിശീലകന്‍ നമ്മുടെ ഇടതുവശത്തിരുന്ന അതിസുന്ദരിയായ യുവതിയെ നോക്കിയിരിപ്പാണ് ! ജഗതി ഭിത്തിയില്‍ തൊട്ട് അച്ചാറു നക്കുന്ന ഭാവം. NAUGHTY BOY ! മൂത്രം പോകണമെങ്കില്‍ മിക്കവാറും വയാഗ്ര വേണ്‍ടിവരും. നോട്ടം കണ്ടാലോ, പെണ്ണിപ്പോ പൊട്ടിത്തെറിക്കും. യുവതിയാണെങ്കിലോ ? ഫീഡ്ബാക്ക് എഴുതണോ ഗുരുവിനെ കണ്ണുരുട്ടി പേടിപ്പിക്കണോ എന്ന ചിന്താക്കുഴപ്പത്തിലും.

യൂറോപ്പില്‍ കുട്ടികളെ പീഡിപ്പിക്കുന്നവരെ castrate ചെയ്യാന്‍ ആലോചിക്കുന്നു എന്ന് വാര്‍ത്ത. മകളുടെ പ്രായമുള്ളവര്‍ കുട്ടികളാണല്ലോ. സൗന്ദര്യാരാധകര്‍ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. ചിലയിടത്തൊക്കെ തുറിച്ചുനോട്ടവും ഹരാസ്മെന്റായിട്ടുവരും ;) 

ഒരിക്കല്‍ കോഫീ വെന്‍ഡിംഗ് മെഷീനില്‍ കോയിനിട്ട് 'സി സിക്സ്' സെലക്ട് ചെയ്ത് വനില ഡീകാഫ് ഒഴുകിവരുന്നതു നോക്കി നില്‍ക്കവേ, ഒരു കപ്പു താഴേക്കിറങ്ങി വന്നു. പിന്നാലെ അല്‍പം ചൂടുവെള്ളവും. ശേഷം, ശ് ശ് ശ് ശ് ശ് ശ് എന്ന സ്വരത്തില്‍ വായു ചീറ്റി. പിന്നെ അനക്കമില്ല. കോയിനും പോയി. കാപ്പിയും ഇല്ല. പാന്‍ട്രിയിലിരുന്നവര്‍ക്ക് ബ്രേക്ക് തീരും വരെ ചിരിക്കാന്‍ വകയുമായി.  

(*) ബോസ്സിന്റെ ബോസ്സ്

2009 മാർച്ച് 18, ബുധനാഴ്‌ച

വയ്യാത്തവരെ കളിയാക്കിയാല്‍

പത്നിയുടെ കൂട്ടുകാരിയുടെ ജന്മദിനം. സല്‍ക്കാരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ cross-eyed ആയൊരു വിളമ്പുകാരനെ കണ്‍ടു. 

പരിചാരകന്‍ വന്നുപോയിക്കഴിഞ്ഞ് തൊട്ടടുത്ത വട്ടമേശയിലിരുന്ന പെണ്‍കുട്ടികള്‍ അയാളെപ്പറ്റി മലയാളത്തില്‍ 'കോങ്കണ്ണന്‍' എന്നു പറയുന്നത് എന്റെ കുട്ടി കേട്ടു.


"അച്ഛാ, what is കോങ്കണ്ണന്‍?" 

ചുറ്റി. 

"അതു മോനെ, കോങ്കണ്ണുള്ളവര്‍ എന്നുവച്ചാല്‍, ഈ രണ്ടുകണ്ണും ഒരുപോലെ നീങ്ങാത്ത ആളുകളാണ്" 

"എന്താ?" 

"അതായത്, കോങ്കണ്ണുള്ളവര്‍ ഇവിടിരിക്കുന്ന പ്ലേറ്റില്‍ നോക്കിയാല്‍ അവിടിരിക്കുന്ന ഗ്ലാസ്സാണ് കാണുക" 

കുട്ടിക്കു ചിരി വന്നു. 

അത്രയുമായപ്പോള്‍ പത്നി ഇടപെട്ടു. "ചിരിക്കണ്ടെടാ. വയ്യാത്തവരെ കളിയാക്കരുത്. രാത്രീല്‍ ഉറക്കത്തില്‍ ദേവി വന്ന് നാക്കുചെത്തിക്കൊണ്ടുപോകും" 

അതൊടെ കുട്ടി ചിരി നിര്‍ത്തി. 

"ഇല്ല മോനെ. അമ്മ വെറുതെ പേടിപ്പിക്കുന്നതാണ്. അങ്ങനെങ്കില്‍ ദേവി ആദ്യം രഞ്ജിനി ഹരിദാസിന്റെ നാക്കു ചെത്തേണ്‍ടതല്ലായിരുന്നോ ? ആ സിനിമോളെ എപ്പോഴും പരസ്യമായി കളിയാക്കുന്നതിന്. 


(പോട്ടെ. ആ ഷോണ്‍* ഡെലോണാസിന്റെ നാക്കെങ്കിലും ചെത്തേണ്‍ടതല്ലായിരുന്നോ ?

* - ന്യൂയോര്‍ക് പോസ്റ്റിലെ ഹോമോഫോബിക് കാര്‍ട്ടൂണിസ്റ്റ്. ഹെതര്‍ മില്‍സിന്റെ അംഗവൈകല്യത്തെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ ശ്രദ്ധിക്കുക. പോയ വാരം അമേരിക്കന്‍ രാഷ്ട്രപതിയെ കുരങ്ങനായി ചിത്രീകരിച്ചിരിച്ചു കാര്‍ട്ടൂണ്‍ വരച്ച് വീണ്ടും കുപ്രസിദ്ധനായി)

2009 മാർച്ച് 17, ചൊവ്വാഴ്ച

മൃഗശാലയിലെ പുതിയ ജോലിക്കാരന്‍

"നീയറിഞ്ഞോടീ! നഗരാതിര്‍ത്തിയിലെ മൃഗശാലയില്‍ കൂടുകള്‍ കഴുകി വൃത്തിയാക്കാന്‍ വരുന്ന ചെറുപ്പക്കാരന് നന്നായി കമ്പ്യൂട്ടര്‍ അറിയാമത്രേ!"

"ഉവ്വോ?"

"ഉം. എന്തെങ്കിലും സഹായം വേണ്ടപ്പൊഴൊക്കെ അയാള്‍ കാര്യാലയത്തിനുള്ളില്‍ വന്ന് സോഫ്റ്റ് വെയറും ഹാര്‍ഡ് വെയറുമൊക്കെ നന്നാക്കിക്കൊടുക്കുമത്രേ! ഇവരൊക്കെയല്ലേ കുപ്പത്തൊട്ടിയിലെ മാണിക്യങ്ങള്‍ ?"

"ഉവ്വ! മാന്ദ്യത്തില്‍ പണി പോയ ഏതെങ്കിലും എച് വണ്‍ ബി ക്കാരനായിരിക്കും"


വൈക്കത്തപ്പനേ, ഇതെഴുതീന്ന് വച്ചെന്റെ പണി കളയിക്കല്ലേ. ഗാര്‍ബേജില്‍ കളയാന്‍ വച്ച ട്യൂണ സാന്‍ഡ് വിച്ച് തിന്നാന്‍ പോയാല്‍ പണി പോകുന്ന കാലമാണേ.

.